റിയാദ്: അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചതിനെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ആഗോളതലത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ബഹുമുഖ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു.
അതിനാവശ്യമായ സംഭാവന നൽകാനും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും വർധിപ്പിക്കാനും പശ്ചിമേഷ്യൻ മേഖലയിലും ലോകത്താകെയും പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനുമാണ് സൗദി ശ്രമിക്കുന്നതെന്ന് യോഗം ആവർത്തിച്ച് വ്യക്തമാക്കി. നിലവിലുണ്ടാകുന്ന അന്താരാഷ്ട്ര രംഗത്തെ എല്ലാ സംഭവവികാസങ്ങളും യോഗം സമഗ്രമായി ചർച്ച ചെയ്തു.
സൗദിയിൽ 10 സ്വകാര്യ കോളജുകൾ ആരംഭിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. കോളജ് ആരംഭിക്കാൻ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ സാധുത ഉറപ്പാക്കിയതിനെ തുടർന്നാണ് യോഗം അന്തിമാനുമതി നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കോളജുകൾ ആരംഭിക്കുന്നത്. 94ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിക്ക് ആശംസകൾ നേർന്ന സഹോദര-സൗഹൃദ രാജ്യങ്ങളിലെ നേതാക്കന്മാരോട് സൽമാൻ രാജാവ് നന്ദി പ്രകടിപ്പിച്ചു. അവർക്ക് നല്ല ആരോഗ്യവും സന്തോഷവും അവരുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും വികസനവും നേർന്നു.
ശൂറ കൗൺസിലിന്റെ (സൗദി പാർലമെന്റ്) ഒമ്പതാം സമ്മേളനത്തിന്റെ ആദ്യ വർഷ പ്രവർത്തനോദ്ഘാടന വേളയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കത്തെ മന്ത്രിസഭാ അംഗങ്ങൾ അഭിനന്ദിച്ചു. രാജ്യത്തിന്റെ മുൻഗണനകളും ലക്ഷ്യങ്ങളും ദേശീയതലത്തിലുള്ള നേട്ടങ്ങളും ലോകമെമ്പാടും സമാധാനവും സമൃദ്ധിയും കൈവരിക്കാൻ ശ്രമിക്കുന്ന വിദേശനയത്തിന്റെ സ്ഥാപിത തത്ത്വങ്ങളും ഉറച്ച നിലപാടുകളും സംഗ്രഹിക്കുന്ന മഹത്തായ ഉള്ളടക്കമാണ് പ്രസംഗത്തിന്റേതെന്ന് മന്ത്രിസഭ വിലയിരുത്തി.
സാമൂഹികോദ്ധാരണത്തിനായി ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്നതിനായി പുതുതായി ആരംഭിക്കുന്ന ‘കിങ് സൽമാൻ ഫൗണ്ടേഷ’ന്റെ നിയമാവലിക്ക് അംഗീകാരം നൽകാനുള്ള ഉത്തരവിന് മന്ത്രിസഭ അംഗങ്ങൾ സൽമാൻ രാജാവിനോട് നന്ദി പറഞ്ഞു.
സമൂഹങ്ങളുടെ സുസ്ഥിരത ഏകീകരിക്കുന്നതിനും ആളുകളിൽ നിക്ഷേപം നടത്തുന്നതിനുമുള്ള സൽമാൻ രാജാവിന്റെ സ്ഥിരമായ സമീപനത്തിന്റെ മൂർത്തീഭാവമായാണ് ഫൗണ്ടേഷൻ യാഥാർഥ്യമാകുന്നത്. ജീവകാരുണ്യവും മാനുഷികവുമായ പ്രവർത്തനങ്ങളുടെ വിപുലീകരണമാണിതെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനുള്ള ആഗോള കൂട്ടായ്മയായ ‘ഗ്ലോബൽ കോറൽ റീഫ് ഇനിഷ്യേറ്റീവി’ന്റെ അധ്യക്ഷ പദവി സൗദി അറേബ്യക്ക് ലഭിച്ചതിൽ യോഗം ആഹ്ലാദം പ്രകടിപ്പിച്ചു.
അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് ലഭിക്കുന്ന അംഗീകാരത്തിന്റെയും പദവിയുടെയും സമുദ്ര പരിസ്ഥിതി, ജൈവ വൈവിധ്യം, ആവാസവ്യവസ്ഥ എന്നിവ സംരക്ഷിക്കുന്നതിനുള്ള അതിന്റെ സംരംഭങ്ങൾക്കും ശ്രമങ്ങൾക്കുമുള്ള പൊതുസമ്മതിയുടെയും സ്ഥിരീകരണമാണെന്ന് മന്ത്രിസഭ വിലയിരുത്തി. ഇ-ഗവേൺസിന്റെയും ടൂറിസത്തിന്റെയും വികസനത്തിന് ഐക്യരാഷ്ട്രസഭയുടെ സൂചകങ്ങളിൽ സൗദി വിപുലമായ സ്ഥാനങ്ങൾ നേടിയതിനെ മന്ത്രിസഭാ അംഗങ്ങൾ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.