റിയാദ്: പ്രവാസികൾക്കുൾപ്പെടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയ സർക്കാറിന് ജനങ്ങൾ നൽകുന്ന പിന്തുണയാവും ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. വരദരാജൻ അഭിപ്രായപ്പെട്ടു. റിയാദിലെ നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലാദ്യമായി പ്രവാസികൾക്കായി ഒരു വകുപ്പ് രൂപവത്കരിച്ചത് ഇടതുപക്ഷ സർക്കാറാണെന്ന് ഓർമിപ്പിച്ച അദ്ദേഹം പ്രവാസികൾക്കായി ഏറ്റവുമധികം സംരംഭങ്ങൾ തുടങ്ങിയത് പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാറാണെന്ന് വ്യക്തമാക്കി.
പ്രവാസി കമീഷൻ, ഡിവിഡൻറ് സ്കീം, സഹകരണ സംഘങ്ങൾ, വ്യാവസായിക-വാണിജ്യ കമ്പനി, കെ.എസ്.എഫ്.ഇ ചിട്ടി, ലോക കേരളസഭ തുടങ്ങി ഡ്രീം കേരളയുടെ കീഴിൽ പ്രവാസി പുനരധിവാസ പദ്ധതിയടക്കം നിരവധി അഭിമാനാർഹമായ പദ്ധതികൾ പ്രവാസികൾക്കായി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകത്തിനാകെ മാതൃകയായ ഒരു സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കൽപ്പറ്റ എം.എൽ.എയുമായ സി.കെ. ശശീന്ദ്രൻ അവകാശപ്പെട്ടു. കോഓപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാലും സംസാരിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗം പൂക്കോയ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു.
നവോദയ സെക്രട്ടറി രവീന്ദ്രൻ, ഷാജു പത്തനാപുരം, സലിം എന്നിവരും സംസാരിച്ചു. ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ യോഗം പ്രവാസി കുടുംബങ്ങളോട് അഭ്യർഥിച്ചു.പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാബുജി സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു. ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിൽ ശ്രീരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.