യോഗ്യത പരീക്ഷയിൽ വിജയിച്ചില്ല; പ്രതിസന്ധിയിലായ മലയാളി നഴ്സുമാരെ തിരിച്ചയച്ചു

റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ യോഗ്യത പരീക്ഷയില്‍ വിജയിക്കാത്തതിനാല്‍ തൊഴില്‍ ചെയ്യാനാവാതെ പ്രതിസന്ധിയിലായ മലയാളി നഴ്സുമാർ നാട്ടിലേക്ക് മടങ്ങി. വയനാട്, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ള ആറു നഴ്‌സുമാരെയാണ് ഇന്ത്യന്‍ എംബസി ഇടപെട്ട് നാട്ടിലേക്ക് അയച്ചത്.

നാട്ടില്‍നിന്നുള്ള റിക്രൂട്ട്‌മെന്‍റ് കമ്പനിയില്‍ മൂന്നു ലക്ഷത്തോളം രൂപ നല്‍കിയാണ് ഇവര്‍ നഴ്‌സിങ് വിസയില്‍ റിയാദിലെ പ്രമുഖ റിക്രൂട്ട്‌മെന്‍റ് കമ്പനിയിലേക്കെത്തിയത്. ആറു മാസം കൊണ്ട് പരിക്ഷയെഴുതാമെന്ന കരാറില്‍ റിയാദ്, അൽഅഹ്സ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ജോലിയില്‍ പ്രവേശിച്ചു. പക്ഷേ മൂന്നു തവണ പരീക്ഷ എഴുതിയിട്ടും വിജയിക്കാനായില്ല. പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രമേ ആരോഗ്യമന്ത്രാലയത്തിന്‍റെ വര്‍ക്ക് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ലൈസന്‍സ് ലഭിക്കാതായതോടെ ജോലിയില്‍ തുടരാന്‍ സാധിച്ചില്ല.

അതേസമയം കമ്പനി 2,700 റിയാല്‍ നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. തുടര്‍ന്ന് എംബസി അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. ചെറിയ തുക നഷ്ടപരിഹാരം നല്‍കി ഫൈനല്‍ എക്‌സിറ്റില്‍ സ്വന്തം ടിക്കറ്റിലാണ് ഇവര്‍ നാട്ടിലേക്ക് പോയത്. അതേസമയം നാട്ടില്‍നിന്ന് തന്നെ ആരോഗ്യമന്ത്രാലയത്തിന്‍റെ പരീക്ഷയെഴുതാന്‍ അവസരമുണ്ടായിരുന്നെങ്കിലും അതിന് സമയം നല്‍കാതെ ഏജന്‍റ് അവരെ സൗദിയിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് പരാതിയുണ്ട്.

പെട്ടെന്ന് ജോലിയില്‍ ചേരണം എന്നു പറഞ്ഞാണത്രെ അവരെ കയറ്റിവിട്ടത്. ജോലിയില്‍ പ്രവേശിച്ച് ആറുമാസത്തിനുള്ളില്‍ പരീക്ഷ എഴുതിയാല്‍ മതിയെന്ന വ്യവസ്ഥയുടെ മറവിലാണ് നാട്ടിലെ ഏജന്‍റുമാര്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ പണം മുടക്കി ഇവിടെയെത്തി പരീക്ഷയില്‍ വിജയിച്ചില്ലെങ്കില്‍ ജോലിയില്‍ തുടരാനാവില്ല. ജോലിക്കിടെ പരീക്ഷക്ക് ഒരുങ്ങാന്‍ പലര്‍ക്കും പ്രയാസമുണ്ടാകാറുണ്ട്. അതോടെ സ്വന്തം ചെലവില്‍ നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരും. തൊഴില്‍ നിയമമനുസരിച്ച് കമ്പനികള്‍ നഷ്ടപരിഹാരം ചോദിച്ചാല്‍ അതും നല്‍കേണ്ടിവരും. റിയാദ് ടാക്കീസ് പ്രവർത്തകൻ ശാഫി ഇവരെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - failed the qualifying examination; Malayali nurses sent back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.