‘ഫിയസ്റ്റ 2024’; യാംബു അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ വാർഷികാഘോഷം

യാംബു: അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ 16ാം വാർഷികം 'ഫിയസ്റ്റ 2024' എന്ന പേരിൽ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ രണ്ടു ദിവസങ്ങളിലായി നടന്ന വ്യത്യസ്ത പരിപാടികളിൽ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പ്രവാസി വിദ്യാർഥികളുടെ കലാ, സാംസ്കാരിക രംഗത്തുള്ള മികവിന്റെ വേറിട്ട ദൃശ്യങ്ങളായി മാറി.

ബോയ്‌സ് വിഭാഗം പരിപാടിയിൽ അൽമനാർ സ്‌കൂൾ ഡയറക്ടർ അഹ്‌മദ്‌ മുഹമ്മദ് മരിയോദ, സ്കൂൾ അഡ്മിനിസ്ട്രേഷൻ മാനേജർ മുസാഹിദ് ഖാലിദ് അൽ റഫാഇ, സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ബോയ്സ് സെക്ഷൻ ഹെഡ്‌മാസ്റ്റർ സയ്യിദ് യൂനുസ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കും സ്കൂളിലെ കലാ, കായിക മത്സരങ്ങളിലെ വിജയികൾക്കുമുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു. സൗദി പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങൾ, വിവിധ രാജ്യങ്ങളിലെ നാടൻ കലകൾ, നാടകം, നൃത്തങ്ങൾ, സംഗീത ശിൽപങ്ങൾ, ആവിഷ്‌കാരങ്ങൾ, വിവിധ ഭാഷകളിലുള്ള കലാരൂപങ്ങൾ, കോൽക്കളി എന്നിവ കാണികളുടെ നിറഞ്ഞ കൈയടി വാങ്ങി.




വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ ചടുല താളങ്ങൾക്കൊപ്പിച്ചു ചുവടുകൾ വെച്ച് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിൽ തിങ്ങിനിറഞ്ഞ പ്രേക്ഷകരുടെ മനം കവരുന്നതായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ അഹ്‌മദ്‌ പാഷ സ്വാഗതവും സ്‌കൂൾ ഹെഡ്‌ബോയ് ആരോൺ എബി തോമസ് നന്ദിയും പറഞ്ഞു.

ഗേൾസ് വിഭാഗത്തിലെ വാർഷിക പരിപാടിയിൽ ഗേൾസ് വിഭാഗം അഡ്മിനിസ്ട്രേഷൻ മാനേജർ ഖുലൂദ് സലാമ അൽ അഹ് മദി, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹന ഹരീഷ്, കെ.ജി വിഭാഗം അഡ്മിനിസ്ട്രേഷൻ മാനേജർ മഷായിൽ മുഹമ്മദ് ഹംദാൻ ഗേൾസ് വിഭാഗത്തിലെ വിവിധ കോഓർഡിനേറ്റർമാരായ സിന്ധു ജോസഫ്, ഫിറോസ സുൽത്താന, ജഫ്‌സി ഫ്രാങ്ക്, ശഖുഫാ സെഹർ എന്നിവർ സംബന്ധിച്ചു. സ്‌കൂൾ ഹെഡ് ഗേൾ ഫാത്തിമ ഉമർ സൈദ് മസൂദ് സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ സിന്ധു ജോസഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Fiesta 2024'; Yambu Almanar International School Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.