ജിദ്ദ: സൗദിയിൽ സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാരിൽ നിന്ന് കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം തുടങ്ങി. മരിച്ചവരുടെ അടുത്ത കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം റിയാലാണ് സഹായമായി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ യോഗം ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ആ തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കാൻ തുടങ്ങിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ സൗദിയിലെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിനിടയിൽ കോവിഡ് മൂലം മരിച്ച സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാരുടെ അടുത്ത കുടുംബങ്ങളാണ് ധനസഹായത്തിലുൾപ്പെടുത്തുക. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിച്ചിരുന്ന നിരവധി മലയാളി ഡോക്ടർമാരും നഴ്സുമാരുമെല്ലാം തങ്ങളുടെ ജോലിക്കിടയിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെയെല്ലാം കുടുംബങ്ങൾക്കും സൗദി സർക്കാരിന്റെ കാരുണ്യ സഹായം ലഭിക്കും.
കോവിഡ് മൂലം മരിച്ച സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യാനുള്ള തുടക്കം മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ആരോഗ്യമേഖലയിലെ ജീവനക്കാർ ഉൾപ്പെടെയുള്ള രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും സർക്കാർ കാണിക്കുന്ന ശ്രദ്ധയും പരിഗണനയും പ്രതിഫലിപ്പിക്കുന്നതാണിത്.
കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തെ എല്ലാ ആരോഗ്യ മേഖലകളിലെയും ജീവനക്കാർ നടത്തിയ മഹത്തായ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. കോവിഡ് സമയത്ത് രോഗികളെ സേവിക്കുന്നതിനും പരിപാലിക്കുന്നതിനും സമർപ്പണത്തോടും ആത്മാർത്ഥതയോടുമാണ് ആരോഗ്യ മേഖലയിലെ ജീവനക്കാർ പ്രവർത്തിച്ചത്. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാൻ ജീവൻ അർപ്പിച്ചവർ അവരുടെ മുൻപന്തിയിലുണ്ട്. ദൈവം അവർക്ക് കരുണയും പാപമോചനം നൽകട്ടെയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷക്ക് സൽമാൻ രാജാവും കിരീടാവകാശിയും മുന്തിയ പരിഗണനയും മുൻഗണനയും പരിമിതികളില്ലാത്ത പിന്തുണയുമാണ് നൽകിയത്. രാജ്യത്ത് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ നിരന്തരമായ ശ്രദ്ധചെലുത്തുകയുണ്ടായി. പകർച്ചവ്യാധി തടയുന്നതിനും സാഹചര്യം നിയന്ത്രിക്കുന്നതിനും എല്ലാ ശാസ്ത്രീയവും പ്രായോഗികവുമായ മാർഗ്ഗങ്ങളിലൂടെയും അതിന്റെ വ്യാപനം തടയുന്നതിനും സൗദിയിലെ ആരോഗ്യ മേഖലകൾ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും സർക്കാർ വലിയ ബജറ്റ് വകയിരുത്തിയിരുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.