സുഡാനിൽ നിന്നും ജിദ്ദ ഇസ്ലാമിക് പോർട്ടിലെത്തിയ ആദ്യ ഹജ്ജ് കപ്പലിലെ തീർത്ഥാടകരെ തുറമുഖ ഡയറക്ടർ ജനറൽ എൻജിനീയർ മാജിദ് ബിൻ റാഫിദ് അൽ ഹർക്കോബിയും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നു

കടൽ മാർഗം ഹജ്ജ് യാത്രക്കാരെത്തിത്തുടങ്ങി; സുഡാനിൽ നിന്നുള്ള ആദ്യ സംഘം ജിദ്ദയിലെത്തി

ജിദ്ദ: കടൽ മാർഗം വിദേശ ഹജ്ജ് തീര്ഥാടകരെത്തിത്തുടങ്ങി. സുഡാനിൽ നിന്നുള്ള ആദ്യ സംഘം വെള്ളിയാഴ്ച്ച ജിദ്ദ ഇസ്ലാമിക് പോർട്ടിൽ കപ്പലിറങ്ങി. 1519 തീർഥാടകരാണ് സംഘത്തിലുള്ളത്. തുറമുഖ ഡയറക്ടർ ജനറൽ എൻജിനീയർ മാജിദ് ബിൻ റാഫിദ് അൽ ഹർക്കോബിയും തുറമുഖ ഉദ്യോഗസ്ഥരും ചേർന്ന് പൂക്കളും സമ്മാനങ്ങളുമായി ഹാജിമാരെ സ്വീകരിച്ചു.

ദൈവത്തിന്റെ അതിഥികളായ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സൗകര്യങ്ങളും വളരെ ഉയർന്ന നിലയിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ സംവിധാനിച്ചിരിക്കുന്നതായി തുറമുഖങ്ങളുടെ ജനറൽ അതോറിറ്റി മേധാവി ഒമർ ബിൻ തലാൽ ഹരീരി വിശദീകരിച്ചു. ഹാജിമാരുടെ എമിഗ്രേഷൻ നടപടികളും ലഗേജ് സ്വീകരിക്കുന്നതിനും അവ വേർതിരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കപ്പലുകളുടെ പ്രവേശനവും പുറപ്പെടലും സുഗമമാക്കുന്നതിനായി അഞ്ച് ആഗമന, പുറപ്പെടൽ ഹാളുകൾ തുറമുഖത്തിന്റെ പാസഞ്ചർ ടെർമിനലിൽ ഉണ്ട്.

സുഡാനിൽ നിന്നും ജിദ്ദ ഇസ്ലാമിക് പോർട്ടിലെത്തിയ ആദ്യ ഹജ്ജ് കപ്പൽ

തീർത്ഥാടകരെ കപ്പലുകളിൽ നിന്ന് ഏറ്റവും പുതിയ ബസുകൾ വഴി മാരിടൈം കൺട്രോൾ ടവറിലെ ശാക്തീകരിച്ച റോഡിലൂടെ അറൈവൽ ഹാളുകളിലേക്ക് എത്തിക്കും. ഇതിനായി 19 ബസുകൾ പോർട്ടിലുണ്ട്. അറൈവൽ ഹാളിൽ പാസ്പോർട്ട് വിഭാഗത്തിന്റെ നേരത്തെയുള്ള 20 കൗണ്ടറുകൾക്ക് പുറമെ 54 കൗണ്ടറുകൾ അധികമായി ഒരുക്കിയിട്ടുണ്ട്. ബോർഡിങ് കാർഡുകൾ വിതരണം ചെയ്യുന്നതിനായി നിരവധി അധിക കൗണ്ടറുകൾകൂടി ചേർത്ത് ഡിപ്പാർച്ചർ ഹാൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.

തീർഥാടകരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ബാഗേജ് കൈകാര്യം ചെയ്യാനുമുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്. സമയവും പ്രയത്നവും കുറയ്ക്കുന്നതിനായി നാല് ബോർഡർ ഗാർഡ് പരിശോധനാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുറമുഖത്തിനുള്ളിൽ പ്രാഥമികാരോഗ്യ സേവനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു. പ്രാഥമിക ശ്രുശൂഷകൾക്ക് മെഡിക്കൽ ഡിസ്പെൻസറിയുണ്ട്. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് വിപുലമായ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - first group from Sudan arrived in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.