റിയാദ്: തിരുവനന്തപുരത്തേക്ക് റിയാദിൽനിന്ന് നേരിട്ട് വിമാനസർവിസ് ഇല്ലാത്തത് പ്രവാസികളുടെ ദുരിതമേറ്റുന്നതായി ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ആരോപിച്ചു. ചികിത്സക്കായി തിരുവനന്തപുരത്തേക്ക് പോകേണ്ട പ്രവാസി രോഗികൾ നേരിടുന്നത് കടുത്ത ദുരിതമാണ്.
അദാനി ഗ്രൂപ് ഏറ്റെടുക്കുന്നതിനു മുേമ്പ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവിസുകൾ ഉണ്ടായിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സൗദി എയർലൈൻസ്, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ നേരിട്ട് സർവിസ് നടത്തിയിരുന്നു. അദാനി ഗ്രൂപ് ഏറ്റെടുത്ത ശേഷം ഈ കമ്പനികളെല്ലാം സർവിസുകൾ റദ്ദാക്കി.
കിടപ്പുരോഗികൾ, മൃതദേഹങ്ങൾ, ചെറിയ കുട്ടികളുമൊത്ത് സഞ്ചരിക്കുന്ന കുടുംബങ്ങൾ തുടങ്ങി നേരിട്ടുള്ള സർവിസില്ലാത്തതിനാൽ പ്രതിസന്ധി നേരിടുന്ന യാത്രകൾ നിരവധിയാണ്. ഈ ദുരിതങ്ങൾക്ക് പുറമെയാണ് ഇരുട്ടടിയായി ഭീമമായ യൂസേഴ്സ് ഫീ കൂടി അടിച്ചേൽപിക്കുന്നത്. ശക്തമായ പ്രതിഷേധവുമായി ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി കമ്മിറ്റി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും വ്യോമയാന മന്ത്രിക്കും കത്തുകൾ അയച്ചതായും ഭാരവാഹികൾ അറിയിച്ചു.
കേരളത്തിെൻറ അതിർത്തിയോട് ചേർന്നുള്ള കന്യാകുമാരി, ചെങ്കോട്ട, തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള തിമഴ് പ്രവാസികളും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള കേരള പ്രവാസികളും ആശ്രയിക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. ഏറ്റവും കൂടുതൽ മലയാളികളുള്ള സൗദി അറേബ്യയുടെ തലസ്ഥാന നഗരത്തിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കാൻ അദാനി ഗ്രൂപ് മനുഷ്യത്വപരമായ ഇടപെടൽ നടത്തണമെന്നും പ്രവാസികളുടെ കഴുത്ത് ഞെരിക്കുന്ന ഭീമമായ ഫീസുകൾ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും ജി.എം.എഫ് ജി.സി.സി ചെയർമാൻ റാഫി പാങ്ങോട്, പ്രസിഡൻറ് ബഷീർ അമ്പലായി, ജനറൽ സെക്രട്ടറി അഡ്വ. സന്തോഷ് കെ. നായർ, സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് നൗഷാദ് ആലത്തൂർ, സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ, ലീഗൽ അഡ്വൈസർ അഡ്വ. ആർ. മുരളീധരൻ, സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.