മക്ക: ദേശവും ഭാഷയും വർണവും ഒന്നാകുന്ന മനുഷ്യ മഹാസംഗമത്തിന് അറഫ മൈതാനം ഒരിക്കൽക്കൂടി സാക്ഷിയാവുമിന്ന്. ലോകത്തിെൻറ പല കോണുകളിൽനിന്ന് നാഥെൻറ വിരുന്നുകാരനാവാൻ പുറപ്പെട്ടിറങ്ങിയ തീർഥാടകലക്ഷങ്ങൾ കാത്തിരുന്ന സുദിനം. ലളിത വസ്ത്രങ്ങളണിഞ്ഞ്, മൃദുമാനസനായി ദൈവസന്നിധിയിൽ വന്നണഞ്ഞ് വിതുമ്പിക്കേഴാൻ എത്തിയ 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയിൽ ഇന്ന് സംഗമിക്കുന്നത്. ലക്ഷക്കണക്കിനാളുകൾക്ക് പ്രാർഥിക്കാൻ സൗകര്യമുള്ള അറഫയിലെ നമീറ മസ്ജിദ് തിങ്കളാഴ്ച പുലരും മുമ്പുതന്നെ നിറഞ്ഞുകവിഞ്ഞു. മുഹമ്മദ് നബി മനുഷ്യകുലത്തിെൻറ വിമോചന പ്രഖ്യാപനം നിർവഹിക്കാൻ കയറിനിന്ന ജബലുർറഹ്മയും നേരം പുലരും മുേമ്പ തീർഥാടകസമുദ്രത്തിൽ മുങ്ങി.
മിനായിൽനിന്നുള്ള തെരുവുകൾ ഞായറാഴ്ച രാത്രിയോടെ 13 കിലോമീറ്റർ അകലെയുള്ള അറഫയിലേക്കൊഴുകുന്ന കാഴ്ചയായിരുന്നു. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്നു തുടങ്ങുന്ന നാഥനെ വാഴ്ത്തുന്ന തൽബിയത്ത് മന്ത്രങ്ങളുമായാണ് തീർഥാടകർ അറഫയിലേക്കൊഴുകുന്നത്. മുഴുവൻ തീർഥാടകരും ഉച്ചയോടെ അറഫയിൽ സംഗമിക്കും. നോക്കെത്താദൂരം മനുഷ്യസാഗരമാവും പിന്നെയിവിടം. ഉച്ചക്കും വൈകുന്നേരവുമുള്ള നമസ്കാരങ്ങൾ ഇവിടെ ഒരുമിച്ച് നിർവഹിക്കും.
ഉച്ച മുതൽ അസ്തമയം വരെ അറഫയിൽ നിൽക്കലാണ് ഹജ്ജിെൻറ മുഖ്യ ചടങ്ങ്. മനമുരുകിയ പ്രാർഥനയുടെയും കീർത്തനങ്ങളുടെയും മണിക്കൂറുകൾ. നമീറ പള്ളിയിൽ നടക്കുന്ന അറഫ പ്രഭാഷണത്തിന് തീർഥാടകർ കാതോർക്കും.
അറഫയിലെ പ്രാർഥനകൾ കഴിഞ്ഞ് സൂര്യാസ്തമയമാകുേമ്പാൾ മുസ്ദലിഫയിലെത്തി അവിടെ വിശ്രമിക്കും. ഇശാ-മഗ്രിബ് നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിക്കും. ദുൽഹജ്ജ് 10 പുലരുന്നതോടെ മിനായിലെ കൂടാരങ്ങളിലേക്ക് തിരിച്ചുപോവും. അവിടെ രാത്രി താമസിച്ചാണ് പിന്നീടുള്ള കർമങ്ങൾ.
അറഫ സംഗമത്തിന് വമ്പിച്ച ഒരുക്കമാണ് അധികൃതർ നടത്തിയത്. ഞായറാഴ്ച അർധരാത്രിയോടെ മിനായിൽനിന്ന് മശാഇർ ട്രെയിനുകൾ അറഫയിലേക്ക് സർവിസ് തുടങ്ങി.
ഇന്ത്യയിൽ നിന്നുള്ള 68,000 ഹാജിമാർക്കാണ് ഇത്തവണ ട്രെയിൻ സൗകര്യം ലഭിച്ചത്. ബാക്കിയുള്ളവർക്ക് ബസിലാണ് യാത്ര. 40 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ ഉൗഷ്മാവ്. ചൂട് ശമിപ്പിക്കാൻ അറഫയിലുടനീളം കൃത്രിമ ചാറ്റൽമഴക്ക് വാട്ടർസ്പ്രെയറുകൾ സജ്ജമാണ്.
ഹാജിമാർക്ക് കുടകളും നൽകിയിട്ടുണ്ട്. അറഫയിലെ കിങ് ഫൈസൽ പാലത്തിനു സമീപ൦ രണ്ടു മെട്രോ സ്റ്റേഷനുകൾക്ക് അടുത്താണ് ഇന്ത്യൻ ഹാജിമാർക്ക് സ്ഥലം നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.