മക്ക: വിശുദ്ധ ഹജ്ജിെൻറ കർമങ്ങൾക്ക് തുടക്കംകുറിച്ച് ലക്ഷക്കണക്കിന് തീർഥാടകർ മിനാവാസം തുടങ്ങി. സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പെങ്കടുക്കാനുള്ള മാനസിക തയാറെടുപ്പിൽ മിനാതാഴ്വരയിലെ കൂടാരങ്ങളിൽ വിശ്വാസികൾ പ്രാർഥനകളിൽ മുഴുകിക്കഴിയുകയാണ്. ശനിയാഴ്ച സൂര്യാസ്തമയത്തോടെ ആരംഭിച്ച മിനായാത്ര ഞായറാഴ്ച വൈകുവോളം തുടരും.
20 ലക്ഷത്തിലധികം ഹാജിമാരാണ് ലോകത്തിെൻറ നാനാദിക്കിൽനിന്ന് ഹജ്ജിനെത്തിയത്. ഭൗതികമായ എല്ലാ കാര്യങ്ങളിൽനിന്നും മനസ്സിനെ മോചിപ്പിച്ച് ദൈവത്തിനു മുന്നിൽ ത്യാഗ സമർപ്പണ മനസ്സോടെ സന്നിഹിതരായതിെൻറ നിർവൃതിയിലാണ് ഹാജിമാർ. അഞ്ചു ദിവസം വരെ മിനായിലെ കൂടാരത്തിൽ രാപാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക. തിങ്കളാഴ്ചയാണ് അറഫ സംഗമം. ജബലുർറഹ്മയുടെ താഴ്വാരത്തിലേക്ക് ഞായറാഴ്ച അർധരാത്രി മുതൽ ലബ്ബൈക്ക ചൊല്ലി വിശ്വാസികൾ ഒഴുകാൻ തുടങ്ങും.
മനുഷ്യമഹാസംഗമം കുറ്റമറ്റരീതിയിൽ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പുണ്യഭൂമിയിൽ പൂർത്തിയായിട്ടുണ്ട്. സൗദി അറേബ്യയിലെ എല്ലാവിഭാഗം സേനകളും ഹാജിമാരുടെ സേവനത്തിനായി രംഗത്തുണ്ട്.
ഇന്ത്യയിൽനിന്ന് 1,75,025 ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തിയത്. കേരളത്തിൽനിന്ന് 11,689 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വന്നത്. പ്രളയദുരിതം മൂലം യാത്ര വൈകിയതിനെ തുടർന്ന് കേരളത്തിൽനിന്നുള്ള 381 ഹാജിമാർ വെള്ളിയാഴ്ച രാത്രിയാണ് മക്കയിലെത്തിയത്. മിനായിൽ ഇന്ത്യൻ ക്യാമ്പ് സർവ സജ്ജമാണ്. കിങ് അബ്ദുല്ല പാലത്തിനു സമീപം സൂഖുല്‍ അറബ് റോഡിനും ജൗഹറ റോഡിനും ഇടയിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസം. ഇവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കല്ലേറ് ചടങ്ങ് നടക്കുന്ന ജംറാത്.മിനായിലെ ഇന്ത്യന്‍ ഹജ്ജ് മിഷന് ഓഫിസ് സർവസജ്ജമാണെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് അറിയിച്ചു.
ഇവിടെ ഹാജിമാർക്കായി ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. കാണാതാവുന്നവർക്കായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. സൗദിയിലുള്ള ഇന്ത്യന്‍ പൊതുസമൂഹത്തില്‍നിന്ന് മലയാളികൾ ഉൾപ്പെടെ 3500 സന്നദ്ധ സംഘടന വളൻറിയർമാരും ഹാജിമാരെ സഹായിക്കാന്‍ രംഗത്തുണ്ടാവും. ഇനി ഹാജിമാർക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ട ചുമതല സൗദിയിലെ ഹജ്ജ് ഒാപറേഷൻ കമ്പനികൾക്കാണ്. ഞായറാഴ്ച അർധരാത്രി മുതൽ ഹാജിമാർക്ക് അറഫയിലേക്ക് പോകാൻ മശാഇർ മെട്രോ ട്രെയിൻ സർവിസ് തുടങ്ങും. ഇന്ത്യയിൽനിന്ന് എത്തിയ 623 ഒൗദ്യോഗിക വളൻറിയർമാരും 1200 ഒഫിഷ്യലുകളും മഹ്റം ഇല്ലാതെ എത്തിയവരെ നയിക്കുന്ന വനിത വളൻറിയർമാരുമാണ് ഹാജിമാരെ നയിക്കുന്നത്. ഇന്ത്യൻ സൗഹൃദ സംഘം തലവൻ സയ്യിദ് മുഹമ്മദ് അമാര്‍ രിസ്വി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി. കേരളത്തിലെ അസാധാരണമായ പ്രളയത്തിെൻറ ദുരന്തസ്മൃതികളുമായാണ് മലയാളി ഹാജിമാർ ഹജ്ജ് നിർവഹിക്കുന്നത്. നാടിനു വേണ്ടിയുള്ള പ്രാർഥനകളാണ് മലയാളി ക്യാമ്പുകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.