മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച മുതൽ മക്കയിലെത്തി തുടങ്ങും. ഈ മാസം നാല്, അഞ്ച് തീയതികളിൽ കേരളത്തിൽനിന്നുമെത്തിയ ആദ്യ രണ്ട് വിമാനങ്ങളിലെ 753 തീർഥാടകരാണ് ആദ്യ ബാച്ചായി മക്കയിലെത്തുക. മക്കയിലെ അസീസിയയിൽ ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ ബിൽഡിങ് നമ്പർ ഒന്നിലാണ് ആദ്യദിവസം എത്തുന്ന ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്. എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഹാജിമാർ മക്കയിലേക്ക് പുറപ്പെടുന്നത്.
പ്രഭാത നമസ്കാരവും പ്രാർഥനയും നിർവഹിച്ചു, യാത്ര പുറപ്പെടാൻ തയാറാകണമെന്ന് മദീനയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ തീർഥാടകരെ അറിയിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും എട്ടുദിവസം മദീന സന്ദർശനം പൂർത്തിയാക്കുന്ന ഹാജിമാർ മക്കയിലേക്ക് തിരിക്കും. ഇന്ത്യയിൽ നിന്നും മദീനയിലെത്തിയ ഹാജിമാർ, പ്രവാചക ഖബറിടവും മദീനയിലെ മറ്റ് പുണ്യകേന്ദ്രങ്ങളും സന്ദർശിച്ചിരുന്നു. മദീനയിൽ ഒരാഴ്ചയായി തുടരുന്ന ശക്തമായ ചൂട് ഹാജിമാരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. മദീനയിൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതിലും ഹാജിമാർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സമീപത്തെ ഹോട്ടലുകളാണ് ഹാജിമാർക്ക് ഏക ആശ്രയം. എന്നാൽ മക്കയിൽ ഹാജിമാർക്ക് പാകം ചെയ്തു കഴിക്കാനും മറ്റും സൗകര്യങ്ങൾ ഉണ്ടാവും.
മക്കയിലെ അസീസിയയിലാണ് ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള മുഴുവൻ ഹാജിമാർക്കും താമസകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിലെ ബിൽഡിങ് നമ്പർ പതിക്കൽ തുടങ്ങി അവസാനഘട്ട തയാറെടുപ്പുകള്‍ മറ്റും ഇതിനകം പൂർത്തിയായി . മക്കയിൽ ഹാജിമാരെ സ്വീകരിക്കാൻ പൂർണ സജ്ജമാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. തിങ്കളാഴ്ച മുതൽ ഹറമിൽ പോയി വരാനുള്ള ഗതാഗതസൗകര്യം ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.