റിയാദ്: ലോകം മുഴുവനും കോവിഡ് എന്ന മഹാമാരി കാരണം വിറങ്ങലിച്ചുനിൽക്കുന്ന ഈ കാലത്ത് ഒരു ഭയവും കൂടാതെ അവിരാമം സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് പ്രവാസികൾ നിർമിച്ച സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ഉറ്റവരെയും ഉടയവരെയും കാണാനോ അവരോടു സംസാരിക്കാനോ പോലും കഴിയാതെ ജോലിയിൽ മുഴുകുന്ന ആരോഗ്യ മേഖലയിലെ ശുചീകരണ തൊഴിലാളികൾ മുതൽ ഡോക്ടർമാർ വെരയുള്ളവരുടെ സമർപ്പണത്തെ ബഹുമാനിച്ചാണ് ‘വിളക്കാണ് മാലാഖമാർ’ എന്ന വിഡിയോ ആൽബം തയാറാക്കിയത്.
റിലീസായി ഒരു മണിക്കൂർകൊണ്ടുതന്നെ ടിക്ടോക്, ഹലോ പോലുള്ള സമൂഹ മാധ്യമ ശൃംഖലകളിൽ പതിനായിരങ്ങളാണ് വിഡിയോ കണ്ടത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്സായ അമ്മയെ കാണാൻ മകൻ വന്നിട്ടും കാണാനോ അവന് ഒരു മുത്തം നൽകാനോ കഴിയാത്ത നിസ്സഹായാവസ്ഥയിൽ ചില്ലുമറയിലൂടെ മകനെ നോക്കിനിൽക്കുകയും ഉമ്മ കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതുപോലുള്ള ഹൃദയസ്പർശിയായ രംഗങ്ങൾ കോർത്തിണക്കിയാണ് ഹൃദയഹാരിയായ സംഗീതത്തിെൻറ അകമ്പടിയിൽ ചിത്രമൊരുക്കിയിരിക്കുന്നത്.
സൗദിയിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരായ ജിത എലിസബത്ത്, അരുൺ, നിഷ ജോസഫ്, സിനി ജെയിംസ് എന്നിവരാണ് ആൽബത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ജീവൻ പകർന്നിരിക്കുന്നത്. പ്രവാസികളായ രാജൻ കാരിച്ചാൽ, ജോസ് ആൻറണി, ഡോ. വല്ലി ജോസ്, അലൻ ഫാഹിദ് എന്നിവരാണ് മറ്റു കഥാപത്രങ്ങൾ. ആൽബത്തിലെ ഗാനങ്ങൾ രചിച്ചത് പ്രവാസി കലാകാരനായ കലാഭവൻ ഷാരോൺ ഷെരീഫാണ്. അദ്ദേഹംതന്നെയാണ് ആൽബത്തിെൻറ സംവിധായകനും. സത്യജിത്താണ് സംഗീതം നൽകിയത്. അൻഷാദ് ഛായാഗ്രഹണം നിർവഹിച്ചു. പ്രവാസി ഗായികയായ ശബാന അൻഷാദും സത്യജിത്തും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചത്. പ്രവാസിയായ അസീസ് കടലുണ്ടിയാണ് ആൽബം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.