യാംബു: വെള്ളിയാഴ്ച സൗദിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില മക്കയിലും കിഴക്കൻ മേഖലയിലെ അൽഅഹ്സയിലുമാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന താപനിലയായ 43 ഡിഗ്രി സെൽഷ്യസാണ് ഇരു നഗരങ്ങളിലും രേഖപ്പെടുത്തിയത്.
അൽ ഖർജ്, അൽസമാൻ പ്രദേശങ്ങളിൽ 42 ഡിഗ്രിയും വാദി അദവാസിർ, അഫർ അൽ ബാത്തിൻ, അൽ ദഹ്ന എന്നിവിടങ്ങളിൽ 41 ഡിഗ്രിയും റിയാദ്, അൽ തനാഹത്ത് പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായും കേന്ദ്രം അറിയിച്ചു.
അബഹയിലാണ് കഴിഞ്ഞദിവസത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 16 ഡിഗ്രി രേഖപ്പെടുത്തിയത്. തുറൈഫ്, അൽ ഖുറയാത്ത് എന്നിവിടങ്ങളിൽ 17 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. അൽ ബഹയിൽ 18 ഡിഗ്രി, ത്വാഇഫിൽ 19, തബൂക്ക്, ബിഷ എന്നിവിടങ്ങളിൽ 20 ഡിഗ്രി സെൽഷ്യസും റിപ്പോർട്ട് ചെയ്തു.
നജ്റാൻ പ്രദേശത്തെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടത്തരം മുതൽ സാമാന്യം ശക്തമായ മഴയും ആലിപ്പഴവർഷവും വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
ജീസാൻ, അസീർ, അൽ ബഹ, മക്ക, രാജ്യത്തിന്റെ കിഴക്കൻ അതിർത്തിപ്രദേശങ്ങൾ, റിയാദ്, അൽ ഖസീം, മദീന പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ദൂരദൃഷ്ടി കുറക്കുന്ന വിധത്തിലുള്ള പൊടിക്കാറ്റ് രൂപപ്പെടുമെന്നും ചിലയിടങ്ങളിൽ ഇടിമിന്നൽ അനുഭവപ്പെടുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. സൗദിയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളായ ഹാഇൽ, തബൂക്ക് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലിനൊപ്പം മിതമായ രീതിയിൽ മഴയും വരുംദിവസങ്ങളിൽ ഉണ്ടാവുമെന്ന പ്രവചനവും ദേശീയ കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.