ജിദ്ദ: സൗദി അറേബ്യയിൽ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം ഉടനാരംഭിക്കുമെന്ന് സൗദി റെയിൽവേ അറിയിച്ചു. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമുമായി കരാറൊപ്പിട്ട ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരിസ്ഥിതിസൗഹൃദ ഗതാഗത മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു നൂതന ചുവടുവെപ്പായാണ് ഹൈഡ്രജൻ ട്രെയിൻ പരീക്ഷിക്കുന്നത്.
രാജ്യത്തിെൻറ പരിസ്ഥിതിക്കും അന്തരീക്ഷത്തിനും ഇണങ്ങുന്ന തരത്തിൽ ഇത്തരത്തിലുള്ള ട്രെയിൻ ഒരുക്കുന്നതിന് ആവശ്യമായ പരീക്ഷണങ്ങളും പഠനങ്ങളും നടത്താനാണ് കരാർ ഒപ്പിട്ടത്. ഭാവിയിൽ ഹൈഡ്രജൻ ട്രെയിനുകളുടെ സർവിസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിെൻറയും ഭാഗം കൂടിയാണിത്.
ഈ ഒക്ടോബറിൽതന്നെ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് സൗദി റെയിൽവേ പറഞ്ഞു. ഈ ട്രെയിനുകളുടെ പ്രവർത്തനം പശ്ചിമേഷ്യൻ, ഉത്തരാഫ്രിക്കൻ മേഖലയിൽ ആദ്യത്തേതാണ്.
സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയും മുൻകൈയും ഇത് എടുത്തുകാണിക്കുന്നുവെന്നും സൗദി റെയിൽവേ പറഞ്ഞു. ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്കുള്ളിൽ വരുന്നതാണ് ഹൈഡ്രജർ ട്രെയിനുകളെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു.
ഏറ്റവും പുതിയ സ്മാർട്ട് സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്ന, കൂടുതൽ സുസ്ഥിരമായ ഗതാഗത സംവിധാനമായി മാറാനാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. ‘വിഷൻ 2030’െൻറ ഭാഗമായ സൗദി ഗ്രീൻ സംരംഭം ലക്ഷ്യം കൈവരിക്കുന്നതിൽ സൗദി റെയിൽവേ മഹത്തായ പങ്ക് വഹിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഗതാഗത, ലോജിസ്റ്റിക് മന്ത്രി പറഞ്ഞു.
ശുദ്ധമായ ഊർജത്തെ ആശ്രയിക്കുന്നത് വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ കുറക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവ ഇതിെൻറ ലക്ഷ്യങ്ങളിലുൾപ്പെടുന്നു. ഗതാഗത മേഖലയെ ശാക്തീകരിക്കുന്നതിൽ അതിെൻറ സേവന വികസന പദ്ധതികളും സംരംഭങ്ങളും വിജയം കൈവരിക്കുന്നതിനും ലോജിസ്റ്റിക്സ് സേവന സംവിധാനത്തിന് കിരീടാവകാശിയുടെ പരിധിയില്ലാത്ത പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
പ്രവർത്തനങ്ങളിൽ ശുദ്ധമായ ഊർജസ്രോതസ്സുകൾ ഉപയോഗിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഭാവിതലമുറയെ സംരക്ഷിക്കുന്നതിനും ഈ മേഖലയിലെ സംവിധാനങ്ങളും വിവിധ വകുപ്പുകളും തമ്മിലുള്ള സഹകരണത്തെ പ്രശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഗുണപരമായ സംരംഭങ്ങൾ നടപ്പാക്കുന്നതിലുള്ള സൗദി റെയിൽവേയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണിതെന്ന് സൗദി റെയിൽവേ സി.ഇ.ഒ ഡോ. ബഷീർ ബിൻ ഖാലിദ് അൽമാലിക് പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രവുമായി ബന്ധപ്പെട്ട കമ്പനിയുടെ പദ്ധതികളിലുൾപ്പെടുന്നതാണിത്. സുസ്ഥിര ഗതാഗത മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുനിക കണ്ടുപിടിത്തങ്ങളിലൊന്നാണ് ഹൈഡ്രജൻ ട്രെയിൻ.
കാർബൺ പുറന്തള്ളാതെ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിനും നീക്കുന്നതിനും ആവശ്യമായ ഊർജം ഉൽപാദിപ്പിച്ചാണ് ഇത് ചെയ്യുന്നത്. ഇതിന് നിരവധി ഗുണങ്ങളും സവിശേഷതകളും ഉണ്ട്. പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, ഭാവി തലമുറയുടെ ഭാവി എന്നിവയിൽ നല്ല സ്വാധീനം ചെലുത്തുമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.