ജിദ്ദ: നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദ ചേരിപ്രദേശങ്ങളിലെ പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന ആദ്യഘട്ടം ആരംഭിച്ചതായി ചേരി വികസന കമ്മിറ്റി വ്യക്തമാക്കി. നൂറ്കോടി റിയാലാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഗവർണർ ഇഹ്സാൻ ബാഫഖി, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി എന്നിവരുടെ സാന്നിധ്യത്തിലാണ് നഷ്ടപരിഹാര വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്.
അവശേഷിക്കുന്നവർക്കുള്ള നഷ്ടപരിഹാരം പല ഘട്ടങ്ങളിലായി വിതരണം ചെയ്യുമെന്ന് കമ്മിറ്റി പറഞ്ഞു. കണക്കെടുപ്പും വിലനിർണയും നടപ്പാക്കിയ ശേഷവും പൗരന്മാർ വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്ത ശേഷവും സമയബന്ധിതമായാണ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. ചേരികളെ വ്യവസ്ഥാപിതമാക്കുകയും അവിടുത്തെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചേരികളിലെ കെട്ടിടങ്ങൾ പൊളിച്ചു പ്രദേശം വികസിപ്പിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി എന്നിവയുൾപ്പെടെ നാല് സർക്കാർ ഏജൻസികളിൽനിന്നുള്ള ആറ് അംഗങ്ങൾ ഉൾപ്പെടുന്ന സ്വതന്ത്രസമിതികൾ വഴിയാണ് വിലയിരുത്തൽ പ്രവർത്തനങ്ങൾ നടത്തിയത്. അംഗീകൃത മൂല്യനിർണയത്തിനുള്ള സൗദി അതോറിറ്റിക്ക് കീഴിലെ രണ്ടുപേരും സമിതിയിലുണ്ട്. നഷ്ടപരിഹാര നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആവശ്യമായ പേപ്പറുകളും രേഖകളും നൽകാനും കമ്മിറ്റി എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.