റിയാദ്: സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇ-ഗെയിമുകൾ പങ്കുവഹിക്കുന്നതായി സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ പറഞ്ഞു. ‘ആരാധക സംസ്കാരത്തിന്റെ ഭാവി’ എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി റിയാദിൽ നടന്ന ‘ന്യൂ ഗ്ലോബൽ സ്പോർട്സ്’ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുേമ്പാഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനിൽനിന്ന് ഗെയിമിങ്, ഇ- സ്പോർട്സ് മേഖലക്ക് ലഭിക്കുന്ന പിന്തുണയും ശാക്തീകരണവും ഈ വ്യവസായത്തിന്റെ ഒരു കേന്ദ്രമാകാനുള്ള സൗദിയുടെ അഭിലാഷത്തെയും ലോകമെമ്പാടുമുള്ള ഡിജിറ്റൽ പ്രതിഭകളെ ആകർഷിക്കുന്ന ഒരു പോയന്റിനെയും പ്രതിഫലിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ ‘വിഷൻ 2030’ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നുവെന്നും അൽസവാഹ പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും രൂപപ്പെടുത്തുന്നതിൽ ഗെയിമുകൾ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് എൻജി. അൽസവാഹ സംസാരിച്ചു. ജനറേറ്റിവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മനുഷ്യരാശിയെ സേവിക്കുന്ന മറ്റ് സാങ്കേതികവിദ്യകളുടെയും വളർച്ചയും സമൃദ്ധിയും ഗ്രാഫിക്സ് പ്രോസസിങ് യൂനിറ്റ് (ജി.പി.യു) മൂലമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. യഥാർഥത്തിൽ ഗ്രാഫിക്സിനും ഗെയിമിങ്ങിനും വേണ്ടി രൂപകൽപന ചെയ്ത ഇത് ഇപ്പോൾ നൂതന സാങ്കേതികവിദ്യകളുടെ ആണിക്കല്ലായി മാറിയിരിക്കുന്നു. ആരോഗ്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ഗെയിമുകൾ ഉപയോഗിച്ച ചില നൂതന സൗദി മോഡലുകളെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉത്കണ്ഠ വൈകല്യങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന ഇന്ററാക്ടിവ് ഗെയിമുകൾ വികസിപ്പിച്ച വിദ്യാർഥി റഷാ അൽഖഹ്താനിയെക്കുറിച്ച് മന്ത്രി പറഞ്ഞു. സൗദി ബഹിരാകാശ യാത്രികനായ അലി അൽഖർനിയുടെ അനുഭവവും പരാമർശിച്ചു.
ഗെയിമുകളോടും അനുകരണങ്ങളോടുമുള്ള അഭിനിവേശം പൈലറ്റാകാനും പിന്നീട് ബഹിരാകാശത്തെത്താനുമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. സൗദി ഇലക്ട്രോണിക് സ്പോർട്സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ സുൽത്താന്റെ സാന്നിധ്യത്തിലാണ് ‘ന്യൂ ഗ്ലോബൽ സ്പോർട്സ്’ സെഷൻ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.