എണ്ണവില നിയന്ത്രിക്കാനുള്ള സമ്മർദത്തിനിടെ സൗദി ക്രൂഡ് ഓയിൽ കയറ്റുമതിയിൽ വർധന

റിയാദ്: ഉൽപാദനം വർധിപ്പിച്ച് എണ്ണവില നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മർദം തുടരുന്നതിനിടെ സൗദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. സമുദ്രമാർഗമുള്ള കയറ്റുമതി കഴിഞ്ഞ മാസം പ്രതിദിനം 75 ലക്ഷം ബാരലിലെത്തി.

ജൂണിൽ ഇത് 66 ലക്ഷം ബാരലായിരുന്നു. ചൈനയിലേക്കുള്ള കയറ്റുമതി 16.5 ലക്ഷം ബാരലും ഇന്ത്യയിലേക്ക് 10 ലക്ഷം ബാരലുമായി ഉയർന്നു. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് ക്രൂഡ് ഓയിലിന്റെ കയറ്റുമതി മൂല്യം 2021ൽ ഇതേ കാലയളവിൽ 786 കോടി റിയാലായിരുന്നത് 1441 കോടിയായി വർധിച്ചിട്ടുണ്ട്.

എണ്ണയുൽപാദനം വർധിപ്പിക്കുന്നതിന് 'ഒപെക്' രാജ്യങ്ങൾക്കുമേൽ കടുത്ത അന്താരാഷ്ട്ര സമ്മർദമാണ് നിലനിൽക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞമാസം നടത്തിയ സൗദി സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എണ്ണ ഉൽപാദനം വർധിപ്പിക്കാൻ രാജ്യത്തിനുമേൽ സമ്മർദം ചെലുത്തുക എന്നതായിരുന്നു.

യുക്രെയ്ൻ അധിനിവേശ പശ്ചാത്തലത്തിൽ ഉപരോധത്തിനു കീഴിലായ റഷ്യ എണ്ണ വരുമാനത്തിലൂടെ നേട്ടമുണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യവും യു.എസ് പ്രസിഡന്റിന് ഉണ്ടായിരുന്നു. എന്നാൽ വളരെ കരുതലോടെയാണ് സൗദി ഇതിനോട് പ്രതികരിച്ചത്. എണ്ണയുടെ അന്താരാഷ്ട്ര വിപണി തങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ദൗർലഭ്യം ബോധ്യപ്പെട്ടാൽ മാത്രമേ ഉൽപാദനം വർധിപ്പിക്കൂ എന്നുമാണ് അധികൃതർ പറഞ്ഞത്.

ഭാവി ഉൽപാദനം സംബന്ധിച്ച തീരുമാനം ഈ മാസം മൂന്നിന് നടക്കുന്ന ഒപെക് അംഗരാജ്യങ്ങളുടെ യോഗത്തിൽ മാത്രമേ ഉണ്ടാകൂ എന്നും വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വിഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിന്റെ തീരുമാനങ്ങൾ പുറത്ത് വരാനിരിക്കുന്നതെയുള്ളൂ.

കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ വെട്ടിക്കുറച്ച ഉൽപാദനം സൗദി അടക്കമുള്ള ഒപെക് രാജ്യങ്ങൾ ക്രമാനുഗതമായി വർധിപ്പിക്കുന്നുണ്ട് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നു

Tags:    
News Summary - Increase in Saudi crude oil exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.