ജിദ്ദ: കോവിഡ് പശ്ചാത്തലത്തിലും സൗദിയിലെ പ്രവാസികൾ ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ എല്ലാവിധ കോവിഡ് മുൻകരുതലുകളും പാലിച്ച് ലളിതമായ ചടങ്ങിൽ പതാക ഉയർത്തലും മറ്റു പരിപാടികളും നടന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ വഴി സ്വാതന്ത്ര്യദിന സന്ദേശങ്ങൾ കൈമാറലും സെമിനാറുകളും നടന്നു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പതാകയുയര്‍ത്തി. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളും എംബസി ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ വായിച്ചു.
ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും രാജ്യം കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ചും സൗദി-ഇന്തോ സുഹൃദ്ബന്ധത്തിെൻറ വിവിധ മാനങ്ങളും അംബാസഡര്‍ വിശദീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ 75ാം വാർഷികം ആഘോഷിക്കുന്ന സമയത്തുതന്നെ ഇന്ത്യ സഭയുടെ സുരക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നത് അഭിമാനാർഹമാണ്. 2021 ജനുവരി മുതൽ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ സ്ഥിരം അംഗമെന്ന നിലയിൽ ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കുക തന്നെ ചെയ്യുമെന്ന് അംബാസഡർ പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് മഹാമാരി ലോകത്താകെ വിവിധ രംഗങ്ങളിൽ പ്രതികൂല സാഹചര്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആരോഗ്യ രംഗത്ത് ഇന്ത്യ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇക്കാലയളവിൽ 60 രാജ്യങ്ങളിലേക്ക് 500 ദശലക്ഷത്തിലധികം എച്ച്.സി.ക്യു, 620 ദശലക്ഷം പാരസെറ്റമോൾ ഗുളികകൾ എന്നിവ ലഭ്യമാക്കി ഇന്ത്യ 'ലോകത്തിെൻറ ഫാർമസി'എന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. കോവിഡിനെത്തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഏകദേശം 10 ലക്ഷം ഇന്ത്യക്കാരെ ഇതുവരെ നാട്ടിലെത്തിക്കാനായതായും മഹാമാരിക്കാലത്തുപോലും ഇന്ത്യയിൽ 20 ശതകോടി അമേരിക്കൻ ഡോളറിെൻറ വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞതായും അംബസാഡർ അറിയിച്ചു. നവംബറില്‍ സൗദിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി ഇന്ത്യ-സൗദി ബന്ധത്തിന് കൂടുതല്‍ കരുത്തേകുമെന്ന് അംബാസഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ലളിതമായ ചടങ്ങുകളോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് കോൺസൽ ജനറൽ വൈ. സാബിർ ദേശീയ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. ജിദ്ദ ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥിനികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോൺസുലേറ്റും ഇന്ത്യാ ഫോറവും സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് കേക്ക് മുറിക്കലും തൈനടീലുമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട ഏതാനും അതിഥികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.