യാംബുവിൽ വെള്ളിയാഴ്ച നടന്ന ഇന്ത്യൻ കോൺസുലാർ സന്ദർശനവേളയിൽ സേവനം ലഭിക്കാൻ കാത്തു നിൽക്കുന്ന പ്രവാസികൾ

യാംബുവിൽ ഇന്ത്യൻ കോൺസുലാർ സന്ദർശനം; സർവർ പണിമുടക്കിയതിനാൽ നിരവധി പേർക്ക് പാസ്പോർട്ട് പുതുക്കാൻ കഴിഞ്ഞില്ലെന്ന് പരാതി

യാംബു: പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച യാംബുവിൽ സന്ദർശനം നടത്തി. ഉദ്യോഗസ്ഥരുടെ സന്ദർശനം നിരവധി ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായെങ്കിലും കമ്പ്യൂട്ടർ സർവർ പണിമുടക്കിയതിനാൽ ചിലർക്കെങ്കിലും പാസ്പോർട്ട് പുതുക്കൽ അപേക്ഷ നൽകാനാവാതെ മടങ്ങേണ്ടി വന്നു. ഉച്ചക്ക് ശേഷം ദൂരപ്രദേശങ്ങളിൽ നിന്നെത്തിയവരടക്കം നാൽപതോളം പേർക്കാണ് അപേക്ഷ നൽകാൻ കഴിയാതെ മടങ്ങേണ്ടിവന്നത്.

260 തോളം പേർ സേവനം ലഭിക്കാൻ നേരത്തേ അപ്പോയിന്റ്മെന്റ് എടുത്തിരുന്നു. അപ്പോയിന്റ്മെന്റ് എടുക്കാതെയും പലരും സേവനത്തിനായി ഉച്ചക്ക് ശേഷം എത്തിയിരുന്നു. നേരത്തേ അപ്പോയിന്റ്മെന്റ് എടുത്ത ആളുകൾക്കും സേവനം ലഭിച്ചത് വളരെ വൈകിയാണെന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ കോൺസുലാർ സന്ദർശനം യാംബു കൊമേഴ്‌സ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ പ്രവാസികൾ വലഞ്ഞത് ശ്രദ്ധയിൽ പെട്ട കോൺസുലാർ അധികൃതർ ഇത്തവണ ടൗണിലെ നോവ പാർക്ക് ഓഡിറ്റോറിയത്തിലാണ് (പഴയ മിഡിൽ ഈസ്റ്റ് ഹോട്ടൽ) സേവനം ഒരുക്കിയത്. ഇവിടെ അപേക്ഷ സമർപ്പിക്കാൻ എത്തുന്ന സന്ദർശകർക്ക്‌ ഇരിക്കാനും മറ്റും വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമായി.

യാംബുവിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് പുറമെ അൽ റൈസ്, ബദ്ർ, ഉംലജ്, അൽ അയ്സ്, റാബിഖ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ പാസ്പോർട്ട് പുതുക്കുന്നതിനും കുട്ടികൾക്ക് പുതിയ പാസ്പോർട്ട് അപേക്ഷിക്കുന്നതിനും മറ്റുമായി എത്തിയിരുന്നു. പാസ്പോർട്ട് വിവരങ്ങൾ ചേർക്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സർവർ ആണ് കുറെ സമയം പണി മുടക്കിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇത് കാരണം വിവിധ പ്രദേശങ്ങളിൽ നിന്ന് വന്ന പലരും മടങ്ങേണ്ടി വന്നു. കോൺസുലാർ സംഘം വരുന്ന ദിവസങ്ങളിൽ മാത്രം പാസ്പോർട്ട് പുതുക്കാൻ കഴിയുന്ന അവസ്ഥക്ക് പരിഹാരം വേണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.

നേരത്തേ പാസ്പോർട്ട് സേവാകേന്ദ്രമായി പ്രവർത്തിച്ചിരുന്ന യാംബു ടൗണിലെ വേഗ ഓഫീസ് 2021 ജനുവരിയിൽ അടച്ചു പൂട്ടിയതാണ് ഏറെ പ്രതിസന്ധിയിലായത്. കോൺസുലാർ സന്ദർശന വേളയിൽ മാത്രമാണ് ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ കഴിയുക. അല്ലെങ്കിൽ ജിദ്ദയിലുള്ള കോൺസുലേറ്റിലോ മദീനയിലുള്ള കോൺസുലേറ്റ് സേവന കേന്ദ്രത്തിലോ എത്തി പാസ്‌പോർട്ടിന് അപേക്ഷ നൽകേണ്ടുന്ന അവസ്ഥയാണുള്ളത്. ഇത് വ്യവസായ നഗരിയിൽ ജോലിചെയ്യുന്ന നൂറുകണക്കിന് സാധാരണക്കാരായ തൊഴിലാളികൾക്കും മറ്റും ഏറെ പ്രതിസന്ധിയാണ്. ഇക്കാര്യം യാംബുവിലെ സാമൂഹിക, സന്നദ്ധ പ്രവർത്തകർ പലപ്രാവശ്യം കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. 'ഗൾഫ് മാധ്യമ' വും ഇക്കാര്യം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ ദിവസവും പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന സൗകര്യം യാംബുവിൽ പുനഃസ്ഥാപിക്കണമെന്നാണ് പ്രവാസികളുടെ ആവർത്തിച്ചുള്ള ആവശ്യം.

Tags:    
News Summary - Indian Consular Visits Yambu; Many complained that passports could not be renewed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.