അബഹ: സൗദിയിലെ ഇന്ത്യൻ പ്രവാസിസമൂഹം ഈ രാജ്യത്തിന്റെ പുരോഗതിക്കായി നൽകുന്ന സംഭാവനകൾ ഏറെ വിലമതിക്കുന്നതാണെന്ന് ഖമീസ് മുശൈത്ത് അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുശൈത്ത് പറഞ്ഞു. 94ാമത് സൗദി ദേശീയ ദിനാഘോഷത്തിന് പ്രവിശ്യയിലെ ഇന്ത്യൻ ജനതയുടെ ആശംസകളും സന്തോഷവും അറിയിക്കാൻ അമീർ ഓഫിസിലെത്തിയ ഖമീസ് മുശൈത്ത് കെ.എം.സി.സി പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ അച്ചടക്കവും നിയമ പരിപാലനം ഉൾപ്പടെ സർക്കാർ സംവിധാനങ്ങളോടുള്ള ആദരവും നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് കെ.എം.സി.സി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തിവരുന്ന രക്തദാന പരിപാടിയെ അമീർ അഭിനന്ദിച്ചു. പ്രവിശ്യയിലെ വിവിധ ആശുപത്രികളിൽ ഈ വർഷത്തെ രക്തദാന പരിപാടികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാൻ ബന്ധപ്പെട്ടവർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
സന്തോഷത്തിന്റെയും പരസ്പര ബന്ധത്തിന്റെയും പ്രതീകമായി ഒരുക്കിയ കേക്ക് മുറിക്കൽ ചടങ്ങ് അമീർ നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മുന്നിയൂർ, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാതാപ്പുഴ, സെക്രട്ടറി സാദിഖ് കോഴിക്കോട്, സത്താർ ഒലിപ്പുഴ, അനീസ് കുറ്റ്യാടി, സാബിത് അരീക്കോട്, ആസിഫ് വഴിക്കടവ്, ഷിയാസ് ഫറൂഖ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.