റിയാദ്: ഫാഷിസ്റ്റ് ഭരണകൂടം ചരിത്രം ഏത് രീതിയിൽ തിരുത്തിയെഴുതിയാലും ജനഹൃദയങ്ങളിൽനിന്ന് ഇന്ത്യയുടെ യഥാർഥ ചരിത്രം മായ്ച്ചുകളയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി പറഞ്ഞു.ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ അദ്ദേഹത്തിന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മുരളീധരൻ.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഐതിഹാസിക മുന്നേറ്റത്തിന് നേരത്തേ തന്നെ ഒരുങ്ങണമെന്നും 20 സീറ്റിലും അതുവഴി യു.ഡി.എഫിന് വിജയം വരിക്കാനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെ. കരുണാകരനും ബാഫഖി തങ്ങളും രൂപം നൽകിയ യു.ഡി.എഫിനെ ഒരു ശക്തിക്കും തകർക്കാനാവില്ല. വടകര പാർലമെന്റ് മണ്ഡലത്തിൽ തന്റെ വിജയത്തിൽ മുസ്ലിം ലീഗും പ്രവാസി ഘടകമായ കെ.എം.സി.സിയും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷതവഹിച്ചു. മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ കണ്ണിയൻ യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ മുരളീധരനെ ഷാളണിയിച്ചു.
ബഷീർ അമ്പലായി (ഒ.ഐ.സി.സി ബഹ്റൈൻ) ആശംസ നേർന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കെ.ടി. അബൂബക്കർ, മുജീബ് ഉപ്പട, അബ്ദുറഹിമാൻ ഫറോക്ക്, നൗഷാദ് ചാക്കീരി, ഷാഹിദ് മാസ്റ്റർ, സഫീർ പറവണ്ണ, പി.സി. അലി, ബാവ താനൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും ട്രഷറർ യു.പി. മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.