റിയാദ്: 'ധാതുക്കളുടെ ഭാവി' എന്ന തലക്കെട്ടിൽ റിയാദിൽ അന്താരാഷ്ട്ര ഖനിജ സമ്മേളനത്തിന് തുടക്കം. റിയാദ് ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ് ഉദ്ഘാടനം ചെയ്തു. ധാതുനിക്ഷേപങ്ങളാൽ സൗദി അറേബ്യ സമ്പന്നമാണെന്നും ഖനന മേഖലയ്ക്ക് സംഭാവന നൽകാനുള്ള മികച്ച അവസരമാണ് ഇവിടെയുള്ളതെന്നും മന്ത്രി പറഞ്ഞു.
വ്യവസായാഭിവൃദ്ധിയും ശുദ്ധമായ ഊർജ്ജവും പൂജ്യം കാർബൺ പുറന്തള്ളലും എന്നീ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് ആഗോളതലത്തിൽ തന്നെ ഖനിജ വസ്തുക്കളുടെ ആവശ്യം ഏറെ വർധിച്ചിട്ടുണ്ട്. ഇതിന് തക്ക ഖനന നിർവഹണം ഒരു വെല്ലുവിളിയാണ്. ഭരണകൂടങ്ങൾ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, സേവന ദാതാക്കൾ, നിർമാതാക്കൾ തുടങ്ങിയ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന് ഖനന മേഖലയുടെ ഭാവി ആവശ്യങ്ങളോട് പ്രതികരിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അതിനാണ് 'ധാതുക്കളുടെ ഭാവി' എന്ന ഈ സമ്മേളനം.
ഭാവിയിലെ ഒരു റോഡ്‌മാപ്പ് വരയ്ക്കുന്നതിനും അവർക്കിടയിൽ സഹകരണത്തിനൊരു വേദിയുണ്ടാക്കുന്നതിനും വേണ്ടിയാണിത്. സുപ്രധാന ഖനിജ വസ്തുക്കളുടെ വിതരണത്തിൽ സംഭാവന നൽകാനും ഖനന മേഖലയിൽ നിന്ന് പ്രയോജനം നേടാനും ഈ മേഖലയിലെ രാജ്യങ്ങളിൽ ഒരു പ്രധാന സാമ്പത്തിക പ്രേരകമാകാനുള്ള മികച്ച അവസരം സൗദിക്കുണ്ട്. പര്യവേക്ഷണം വർധിപ്പിക്കുക, മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗുണമേന്മയുള്ള നിക്ഷേപങ്ങൾ ആകർഷിക്കുക തുടങ്ങിയ ആവശ്യങ്ങളെ നേരിടുന്നതോടൊപ്പം അവസരം മുതലെടുക്കാനും വിവിധ രാജ്യങ്ങളിലെ ഖനനത്തിന്‍റെ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകാനും ലക്ഷ്യമിടാമെന്ന് മന്ത്രി പറഞ്ഞു.
ലോകത്തിലെ ഖനന മേഖലയുടെ പ്രാധാന്യം, കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുപ്പിൽ അതിന്റെ സ്വാധീനം, വ്യവസായങ്ങളുടെ ഭാവിയിൽ അതിന്റെ നിർണായക സ്വാധീനം എന്നിവ സംബന്ധിച്ച് ബോധവൽകരണം ആവശ്യമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സമ്മേളനം നടക്കുന്നത്. പശ്ചിമേഷ്യ, മധ്യേഷ്യ, പശ്ചാത്യ മേഖല, ആഫ്രിക്ക എന്നിവിടങ്ങളിലെ ധാതുനിക്ഷേപങ്ങളും ഖനനവും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളും സംബന്ധിച്ച സാധ്യതകൾ ഉയർത്തിക്കാട്ടുകയും സമ്മേളനത്തിന്‍റെ ലക്ഷ്യമാണ്. ഈ രാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യ തന്ത്രപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഖനനമേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള യാത്രയിൽ സൗദി ധാതുവിഭവ മന്ത്രാലയത്തിന് നിരവധി നേട്ടങ്ങൾ ആർജ്ജിക്കാനായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നൽകിയ ഖനന ലൈസൻസുകളുടെ എണ്ണം 1,967 ആയി. വിവിധ ധാതു അയിരുകൾ പര്യവേക്ഷണം ചെയ്യുന്നതിനും കണ്ടെത്തുന്നതിനും നൽകിയ ലൈസൻസുകളാണിവ. ഇതിൽ 25 ശതമാനവും 2021-ൽ നൽകിയതാണ്. പര്യവേക്ഷണത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകുക, ഖനന വ്യവസായങ്ങളിൽ എക്സലൻസ് കേന്ദ്രം സ്ഥാപിക്കുക തുടങ്ങിയ നിരവധി സംരംഭങ്ങൾക്കായി മന്ത്രാലയം പ്രവർത്തിച്ചുവരികയാണ്. 2030-ഓടെ ജി.ഡി.പിയിൽ ഖനന മേഖലയുടെ സംഭാവന 17 ശതകോടി ഡോളറിൽ നിന്ന് 64 ശതകോടി ഡോളറായി ഉയർത്താൻ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.