റിയാദ്: ആരോഗ്യ പരിപാലനരംഗത്ത് ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ 'യോഗ'യിൽ സഹകരിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിെൻറ ഏറ്റവും വലിയ പ്രാധാന്യം സൗദിയുമായുണ്ടാക്കിയ ഇൗ ധാരണയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സൗദി കായിക മന്ത്രാലയത്തിലെ ലീഡേഴ്സ് ഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന് കീഴിലെ മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് യോഗയും തമ്മിലാണ് ധാരാണാപത്രം ഒപ്പുവെച്ചത്. സൗദി അറേബ്യയുടെ യോഗയുടെ പ്രചാരണത്തിനും പരിശീലനത്തിനും പന്ഥാവ് ഒരുക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവെപ്പാണ് ഇൗ ധാരണാപത്രം. യോഗയെ അതിെൻറ തനിമയോടെ അവതരിപ്പിക്കുന്നതിനും രാജ്യത്താകെ അതിെൻറ പരിശീലന കോഴ്സുകൾ ആരംഭിക്കുന്നതിനും ഇത് വഴിയൊരുക്കും. ഇത്തരത്തിലൊരു ചുവടുവെപ്പ് ഗൾഫ് മേഖലയിൽ തന്നെ ആദ്യമായാണ്.
യോഗയുടെ മേഖലയിൽ ഗവേഷണം, പഠനം, പരിശീലനം എന്നിവക്കുള്ള സൗകര്യമൊരുക്കാൻ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. അന്താരാഷ്ട്ര യോഗ ദിനമായ തിങ്കളാഴ്ച റിയാദിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളായി ഒപ്പിട്ട് ധാരണാപത്രം റിയാദിലെ ഇന്ത്യൻ അംബസാഡർ ഡോ. ഒൗസാഫ് സഇൗദും സൗദി കായിക മന്ത്രാലയത്തിലെ ലീഡേഴ്സ് ഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ അബ്ദുല്ല ഫൈസൽ ഹമ്മാദും തമ്മിൽ കൈമാറി.
റിയാദിലെ എംബസി ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണ പരിപാടിയും അനുബന്ധമായി സംഘടിപ്പിച്ച പെയിൻറിങ്ങ് പ്രദർശനവും അംബാഡർ ഡോ. ഒൗസാഫ് സഇൗദ് ഉദ്ഘാടനം ചെയ്തു. രാജ്യാന്തരതലത്തിൽ പ്രശസ്തരായ ചിത്രകാരികൾ യോഗയെ ആസ്പദമാക്കി വരച്ച 50 പെയിൻറിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്. ആഘോഷ പരിപാടികളും പ്രദർശനവും മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാണ്. മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് യോഗ ഡയറക്ടർ ഡോ. ഇൗശ്വർ ബസവറെഡ്ഡി, വ്യാസാ യൂനിവേഴ്സിറ്റി ചാൻസ്ലർ ഡോ. എച്ച്.ആർ. നാഗേന്ദ്ര, ശ്രീ ശ്രീ രവിശങ്കർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.