ജിദ്ദ: ഏഴുവർഷത്തെ ഇടവേളക്ക് ശേഷം ഔദ്യോഗിക സന്ദർശനത്തിന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ല്ലാഹിയാൻ സൗദി അറേബ്യയിലെത്തി. ചൈനയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും ബന്ധം പുനഃസ്ഥാപിച്ച ശേഷമുള്ള ആദ്യ സന്ദർശനത്തിന് റിയാദിൽ വൻ വരവേൽപാണ് ലഭിച്ചത്. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇറാൻ മന്ത്രിയെ വരവേറ്റു. ഇറാനുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുന്നത് മേഖലയിലെ സുരക്ഷയിൽ നിർണായകമാണെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് വ്യാഴാഴ്ച നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സൗദി മന്ത്രി.
ടെഹ്‌റാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള സൗദിയുടെ താൽപര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാനുമായി സുരക്ഷാ, സാമ്പത്തിക കരാറുകൾ സജീവമാക്കാൻ രാജ്യത്തിന് വലിയ താൽപര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പര ബഹുമാനത്തിെൻറ അടിസ്ഥാനത്തിൽ ടെഹ്‌റാനുമായുള്ള ബന്ധം സജീവമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇരുപക്ഷവും തമ്മിലുള്ള പരസ്പര വിശ്വാസം വർധിപ്പിക്കാനുള്ള ആഗ്രഹം ആത്മാർഥവും ഗൗരവമുള്ളതുമാണ്. ‘എക്‌സ്‌പോ 2030’ ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് ഇറാൻ നൽകുന്ന പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.
റിയാദിൽ ഫലപ്രദമായ ചർച്ചകൾ നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ല്ലാഹിയാൻ പറഞ്ഞു. മേഖലയിൽ സൗദിയുടെ പങ്കിനെ ഞങ്ങൾ വിലമതിക്കുന്നു. മേഖലയിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാൻ സൗദി അറേബ്യയുമായി സഹകരിച്ച് പ്രവർത്തിക്കും. സൗദി അറേബ്യയുമായുള്ള ബന്ധം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൗദിയുമായുള്ള ബന്ധം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും തെൻറ രാജ്യം തീരുമാനിച്ചിട്ടുണ്ട്. ഭിന്നിച്ച് നിൽക്കാതെ മേഖലയിൽ സുരക്ഷയും സമാധാനവും കൈവരിക്കുന്നതിന് ടെഹ്‌റാൻ പിന്തുണ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന കരാറുകൾ സജീവമാക്കാൻ ഇരുപക്ഷവും തമ്മിലുള്ള കൂടിയാലോചനകളിൽ ധാരണയുണ്ട്. പ്രസിഡൻറ് ഇബ്രാഹിം റൈസി ഉടൻ സൗദി അറേബ്യ സന്ദർശിക്കുമെന്നും ഇറാൻ മന്ത്രി പറഞ്ഞു. ഇറാനിൽ നിന്നുള്ളവർക്ക് ഹജ്ജും ഉംറയും സുഗമമാക്കുന്നതിൽ സൗദി അറേബ്യയുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. നയതന്ത്രബന്ധം വിച്ഛേദിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്ത ശേഷമുള്ള ഇറാൻ വിദേശകാര്യ മന്ത്രിയുടെ റിയാദിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
റിയാദിലെ വിദേശകാര്യ മന്ത്രാലയം ഓഫിസിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രിക്ക് ഉൗഷ്മള വരവേൽപാണ് ലഭിച്ചത്. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തെൻറ ആഗ്രഹം പ്രകടിപ്പിച്ച് സന്ദർശന രേഖയിൽ ഇറാൻ വിദേശകാര്യ മന്ത്രി ഒപ്പുവച്ചു. ശേഷം ഇരുപക്ഷവും ഉഭയകക്ഷി ചർച്ചകൾ നടത്തി. ഉഭയകക്ഷി ബന്ധങ്ങളും എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ അവലോകനം ചെയ്തു.
കൂടാതെ പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും കൂടുതൽ നല്ല സാധ്യതകൾ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ജനതകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉഭയകക്ഷി, ബഹുരാഷ്ട്ര തലങ്ങളിൽ കൂടിയാലോചന യോഗങ്ങൾ ശക്തമാക്കുന്നതിനുമുള്ള മാർഗങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.
മാർച്ച് 10ന് ബീജിങ്ങിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതിനെ തുടർന്നാണ് 2016 മുതൽ വിച്ഛേദിച്ച നയതന്ത്ര ബന്ധവും ദൗത്യങ്ങളും പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.