ജിദ്ദ: ധാർമികതയുടെ ഈറ്റില്ലമാകേണ്ട കുടുംബമെന്ന വ്യവഹാരത്തെ ശിഥിലമാക്കുന്നതിലൂടെ അരാജകത്വത്തിന്റെ ഇരുണ്ട ആഴിയിൽ മുങ്ങിത്തപ്പുന്ന യുവതലമുറയെ അല്ലാതെ മറ്റൊന്നും ആധുനികസമൂഹത്തിന് നവ നാസ്തികത സംഭാവന ചെയ്യുന്നില്ലെന്ന് വാഗ്മിയും ഗ്രന്ഥകാരനും ഇസ്ലാമിക പ്രബോധകനുമായ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ അഭിപ്രായപ്പെട്ടു. ‘നവ നാസ്തികത, ഇസ്ലാമിനോടെന്താണ് വിരോധം’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ നാസ്തികതയുടെ പ്രവാചകന്മാരായി അറിയപ്പെടുന്ന ഒന്നാം ലോക രാജ്യങ്ങളിലെ ബുദ്ധിജീവികളെല്ലാം തന്നെ ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിന് വേണ്ടി ചെലവഴിക്കേണ്ട ഊർജം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി മാറ്റിവെക്കുന്ന കാഴ്ചക്കാണ് വർത്തമാനകാലം സാക്ഷ്യംവഹിക്കുന്നത്.
പുതിയ കാലത്തിന്റെ യൗവനത്തെ സന്തോഷത്തിന്റെ ഉത്തുംഗശൃംഗത്തിൽ എത്തിക്കാൻ ലഹരിയുടെ അതിപ്രസരണത്തെയും വിലക്കുകളില്ലാത്ത ലൈംഗികതയേയും കമ്പോളവത്കരിക്കുന്ന മുതലാളിത്തത്തിന്റെ കുഴലൂത്തുകാരായി നവ നാസ്തികർ മാറിയിരിക്കുന്നു. യുക്തിരാഹിത്യത്തിന്റെ പര്യായമായ വർത്തമാനകാല നവ നാസ്തികരെ അധർമത്തിന്റെ ചാലകശക്തികളായിവേണം സമൂഹം കണക്കാക്കാൻ. ഇവരിലൂടെ ധർമത്തിന്റെയും ന്യായത്തിന്റെയും നന്മയുടെയും കുടുംബ ബന്ധങ്ങളുടെയും തകർച്ചയല്ലാതെ മറ്റൊന്നും പുലരാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശയപരമായി ഇസ്ലാമിനെ നേരിടുന്നതിൽ പരാജയപ്പെടുന്ന നവ നാസ്തികത ഇസ്ലാം വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ നവ നാസ്തികതയെ ഇസ്ലാമിനെതിരെയുള്ള മറ്റേതൊരു വിമർശനവും പോലെ കരുതാവുന്നതല്ല. ഇതിന്റെ ആശയങ്ങൾ ഉപാധികളില്ലാത്ത സ്വാതന്ത്ര്യത്തിന്റേയും ജൻഡർ ന്യൂട്രലിന്റേയും രൂപത്തിൽ ആസ്വാദനത്തിന്റെ എല്ലാ സീമകളേയും ഭേദിച്ച് അധാർമികതയുടെ പടുകുഴിലേക്ക് ഇളംതലമുറയെ തള്ളിവിടുന്ന ഒരു സാമൂഹിക വിപത്തായിവേണം കാണാൻ.
അതുകൊണ്ടുതന്നെ കൃത്യമായ ധാർമികമൂല്യങ്ങളുടെ ശിക്ഷണത്തിലൂടെ കുഞ്ഞുങ്ങളെ ഇസ്ലാമിന്റെ പ്രഭയിൽ വളർത്തിക്കൊണ്ടുവരാൻ രക്ഷിതാക്കൾ ശ്രമിക്കുമ്പോൾ മാത്രമാണ് നവ നാസ്തികതയുടെ നീരാളിപ്പിടുത്തത്തിൽനിന്ന് യുവതലമുറയെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും എം.എം. അക്ബർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.