ബുറൈദ: സൗദി അറേബ്യയിൽ ഇത് അത്തിപ്പഴത്തിന്റെ വിളവെടുപ്പുകാലം. ഖസീം പ്രവിശ്യയിലെ വലിയ കൃഷിത്തോട്ടങ്ങളിൽ പലതിലും ഔഷധഗുണങ്ങൾ ഏറെയുള്ള അത്തിയുടെ കൃഷിക്കായി ഒരു ഭാഗംതന്നെ മാറ്റിവെച്ചിട്ടുണ്ട്.
ഈത്തപ്പഴ സീസണിനൊപ്പം ആരംഭിച്ച മുന്തിരി വിളവെടുപ്പ് ഏതാണ്ട് അവസാനിച്ച സമയത്താണ് കർഷകർക്കും വ്യാപാരികൾക്കും വരുമാനവുമായി അത്തിപ്പഴം പാകമാകുന്നത്.
ബുറൈദ, ഉനൈസ അടക്കമുള്ള പച്ചക്കറി മൊത്തവ്യാപാരകേന്ദ്രങ്ങളിൽ ഇപ്പോൾ അത്തിപ്പഴത്തിന്റെ ഒഴുക്കാണ്. പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്ന അത്തിപ്പഴം ശ്വാസകോശ അണുബാധയെ ചെറുക്കുന്നതിനും ധമനികളുടെ ആരോഗ്യത്തിനും ഉത്തമമാണ്. അൾസറിന് ഉത്തമ ഔഷധമായ അത്തി മലബന്ധത്തിന് പരിഹാരംകൂടിയാണ്. ഖുർആനിലെ ഒരു അധ്യായത്തിന്റെ പേര് 'അത്തിപ്പഴ'മായതിനാലാകാം അറബികൾക്ക് ഇത് ഏറെ പ്രിയങ്കരവുമാണ്. ഇതിന്റെ ഗുണഗണങ്ങൾ അറിയാവുന്ന സ്വദേശികൾ മാർക്കറ്റിൽ എത്തുന്നതിനുമുമ്പ് തോട്ടങ്ങളിൽ നേരിട്ട് പോയിത്തന്നെ ഇവ വാങ്ങുന്നു. മഞ്ഞ, പച്ച, ബ്രൗൺ നിറങ്ങളിലുള്ളവയുടെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് വലിയ അത്തി വൃക്ഷങ്ങളിൽനിന്നാണ് വിളവെടുത്തിരുന്നതെങ്കിൽ ഹൈബ്രിഡ് ചെടികൾ വ്യാപകമായതോടെ നിലത്തുനിന്നുതന്നെ പഴങ്ങൾ പറിച്ചെടുക്കാൻ സാധിക്കുന്നു. അഞ്ചു കിലോ മുതൽ 15 കിലോ വരെ പഴങ്ങൾ ഒരു ചെടിയിൽനിന്ന് സീസണിൽ ലഭിക്കും. സൗദിയിലെ പ്രധാന നഗരങ്ങളിലെ വിപണികളിലെല്ലാം ബുറൈദയിൽനിന്ന് നിത്യേന അത്തിപ്പഴം എത്തുന്നു. ഉണക്കി ഡ്രൈ ഫ്രൂട്ട് ആക്കി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഉൽപന്ന വരവ് വർധിച്ചതോടെ കുറഞ്ഞ വിലക്ക് ഇപ്പോൾ അത്തിപ്പഴം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.