ജിദ്ദ: ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ്പ് (ജെ.എഫ്.എഫ്) കൂട്ടായ്മയും അഹ്‌ദാബ് ഇന്റർനാഷനൽ സ്കൂളും ചേർന്നു സംഘടിപ്പിക്കുന്ന നാലാമത് സെവൻസ് ടൂർണമെന്റ് ഫെബ്രുവരി 29, മാർച്ച് ഒന്ന് തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ജെ.എഫ്.എഫ് സൂപ്പർ കപ്പ് 2024' എന്ന പേരിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ 12 ടീമുകളും അണ്ടർ 16 ജൂനിയർ വിഭാഗത്തിൽ നാല് ടീമുകളും 40 വയസിന് മുകളിൽ വെറ്ററൻസ് വിഭാഗത്തിൽ എട്ട് ടീമുകളും പങ്കെടുക്കും.
രാത്രി 7.30 ന് മത്സരങ്ങൾ ആരംഭിക്കുന്ന വ്യാഴാഴ്ച 10 കളികളും വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ബാക്കി 11 കളികളും നടക്കും. ടൂർണമെന്റ് ഉദ്ഘാടന ചടങ്ങുകൾ രണ്ടാം ദിവസമായ വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണ് നടക്കുക. ടൂർണമെന്റിൽ വിജയികളാവുന്നവർക്ക് ട്രോഫികൾക്ക് പുറമെ കാഷ് പ്രൈസുകളും സമ്മാനിക്കും.
ടൂർണമെന്റ് ഫിക്സ്ച്ചർ റിലീസ് നാളെ രാത്രി ഒമ്പത് മണിക്ക് ജിദ്ദ സീസൺ റെസ്റ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കും. ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ അഹ്‌ദാബ് ഇന്റർനാഷനൽ സ്കൂൾ, വിന്നേഴ്സ് പ്രൈസ് മണി ലിങ്ക് ടെലികോം, വിന്നേഴ്സ് ട്രോഫി ബഹ്‌റ കേബ്ൾസ്, റണ്ണേഴ്‌സ് പ്രൈസ് മണി ഇഖിദാർ അറേബ്യ, റണ്ണേഴ്‌സ് ട്രോഫി മദീന സ്വീറ്റ്സ് എന്നിവരാണ് സ്പോൺസർ ചെയ്തത്.
2016 ജനുവരിയിൽ രൂപീകരിച്ച ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ കഴിഞ്ഞ എട്ട് വർഷമായി ജിദ്ദ ആസ്ഥാനമായി 30 ലധികം സെവൻസ് ഫുട്ബാൾ ക്ലബ്ബുകളിൽ നിന്ന് 400 ലധികം അംഗങ്ങളുള്ള സംഘടനയായി വളർന്നിട്ടുണ്ടെന്നും സൗദിയിലെ തന്നെ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് മാത്രമായുള്ള ഏറ്റവും വലിയ ഏക ഇന്ത്യൻ കൂട്ടായ്‌മയാണെന്നും ഭാരവാഹികൾ അറിയിച്ചു.
സിഫ് പോലുള്ള അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന വലിയ ടൂർണമെന്റുകളിൽ ജോലിയുമായി ബന്ധപ്പെട്ട് കളിക്കുന്നതിൽ പരിമിതികൾ നേരിടുന്ന ഫുട്ബാൾ കളിക്കാർക്ക് പ്ലാറ്റ്ഫോം നൽകുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കളിക്കാർക്കും മത്സരങ്ങളിൽ നിന്നും മറ്റും പരിക്ക് പറ്റിയവർക്കുമുള്ള സാമ്പത്തിക സഹായം നൽകുക, നാട്ടിലും സൗദിയിലുമായി ചാരിറ്റി പ്രവർത്തനങ്ങള്‍ എന്നിവയാണ് കൂട്ടായ്മയുടെ പ്രാഥമിക ലക്ഷ്യങ്ങൾ. രൂപീകരണം മുതൽ ഇതുവരെയായി 100 ലധികം സെവൻസ് ടൂർണമെൻറുകൾ ജെ.എഫ്.എഫ് നേരിട്ടും അല്ലാതെയും വിജയകരമായി സംഘടിപ്പിച്ചു. ഇതിൽ നിന്നും സംഘടിപ്പിച്ച ഏതാണ്ട് 1.5 ലക്ഷം സൗദി റിയാലോളം (ഏകദേശം 33 ലക്ഷം രൂപ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചതായും ഭാരവാഹികൾ അറിയിച്ചു.
അഹ്‌ദാബ് ഇന്റെർനാഷനൽ സ്കൂൾ ചെയർമാൻ സുലൈമാൻ ഹാജി, പ്രിൻസിപ്പൽ ലാൽ തിരുവനന്തപുരം, ജെ.എഫ്.എഫ് പ്രതിനിധികളായ ഷഫീഖ് കുരിക്കൾ മഞ്ചേരി, ഇസ്ഹാഖ് പരപ്പനങ്ങാടി, ശാഹുൽ ഹമീദ് പുളിക്കൽ, നിഷാബ് വയനാട്, അഷ്‌ഫർ നരിപ്പറ്റ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.