ജിദ്ദ: കെ.എം.സി.സി നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘നിലമ്പൂർ കെ.എം.സി.സി സോക്കർ ഫെസ്റ്റ്’ (എൻ.കെ. സോക്കർ ഫെസ്റ്റ്) എന്ന പേരിൽ ഏപ്രിൽ 27, 28 തീയതികളിൽ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് ഫുട്ബാൾ മൈതാനത്ത് നടക്കുന്ന ടൂർണമെന്റിൽ നാല് ജൂനിയർ ടീമുകളടക്കം ജിദ്ദയിലെ മികച്ച 16 ടീമുകൾ പങ്കെടുക്കും. വിവിധ ടീമുകൾക്ക് വേണ്ടി നാട്ടിൽനിന്നുള്ള പ്രമുഖ താരങ്ങൾ അണിനിരക്കും.
സീനിയർ മത്സരത്തിൽ വിജയികളാവുന്നവർക്ക് 4,444 റിയാൽ കാശ് പ്രൈസും കെ.എം.സി.സിയുടെ പേരിലുള്ള ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2,222 റിയാൽ കാശ് പ്രൈസും ട്രോഫിയും ലഭിക്കും. ജൂനിയർ വിഭാഗം വിജയികൾക്ക് 555 റിയാൽ കാശ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 333 റിയാൽ കാശ് പ്രൈസും ട്രോഫിയും ലഭിക്കും. സെമി ഫൈനൽ മത്സരങ്ങൾക്കും ഫൈനൽ മത്സരത്തിനുമിടയിൽ ഫുട്ബാൾ മൈതാനത്ത് സാംസ്കാരിക സമ്മേളനം നടക്കും. തുടർ വർഷങ്ങളിലും കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ഫുട്ബാൾ ടൂർണമെന്റുകൾ തുടർച്ചയായി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ബാക്കിയാവുന്ന തുക വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും ഫുട്ബാൾ മത്സരം വീക്ഷിക്കാൻ ജിദ്ദയിലെ മുഴുവൻ ഫുട്ബാൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ പി.സി.എ റഹ്മാൻ (ഇണ്ണി), മണ്ഡലം പ്രസിഡന്റ് അബൂട്ടി പള്ളത്, സെക്രട്ടറി സുബൈർ വട്ടോളി, ട്രഷറർ ജാബിർ ചങ്കരത്, സോക്കർ ഫെസ്റ്റ് കോർഡിനേറ്റർമാരായ മുനീർ ബാബു, സജ്ജാദ് മൂത്തേടം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.