ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ പ്രമേയത്തിൽ സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ജിദ്ദ സെൻട്രൽ കമ്മിറ്റി ‘മനുഷ്യജാലിക 2023’ സംഘടിപ്പിച്ചു. എസ്.ഐ.സി ഭാരവാഹികൾക്കും പ്രവർത്തകർക്കും പുറമെ ജിദ്ദയിലെ സാമൂഹിക, രാഷ്ട്രീയ സംഘടന ഭാരവാഹികളും മനുഷ്യ ജാലികയിൽ കണ്ണികളായി. ബാഗ്ദാദിയ്യയിലെ എസ്.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന മനുഷ്യജാലിക എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.
എസ്.വൈ.എസ് നേതാവും ജംഇയ്യതുൽ ഖുതബാ ജനറൽ സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. വർഗീയ സംഘടനകൾ രാജ്യത്തെ പകുത്തെടുക്കാൻ തുടങ്ങിയപ്പോഴാണ് ‘സമസ്ത’യുടെ വിദ്യാർഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് റിപ്പബ്ലിക്ദിനത്തിൽ ‘മനുഷ്യജാലിക’ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ ജാലികയിൽ ഉയർത്തിപ്പിടിക്കുന്ന പ്രമേയം കാലം ചെല്ലുന്തോറും പ്രസക്തി വർധിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മതേതരത്വത്തിനും ബഹുസ്വരതക്കും ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ദേശീയത ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്നത്ര വിശാലമാണ്. സംഘ് പരിവാറിന്റെ സങ്കുചിത ദേശീയത രാജ്യം ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഭൂരിപക്ഷത്തെ മാത്രമല്ല, ന്യൂനപക്ഷങ്ങളെക്കൂടി അംഗീകരിക്കലാണ് ജനാധിപത്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത, രാഷ്ട്രപിതാവായ ഗാന്ധിജിയെ വധിച്ച, നാനാത്വവും ജനാധിപത്യവും അംഗീകരിക്കാത്ത ആർ.എസ്.എസ് ഇന്ത്യയുടെ ശത്രുവാണെന്നും വർഗീയ ഫാഷിസ്റ്റുകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ മതേതര ജനാധിപത്യ സംഘടനകൾക്ക് ശക്തിപകരണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു.
സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ലത്തീഫി, ബഷീർ ദാരിമി തളങ്കര, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ വെളിയങ്കോട്, മജീദ് പുകയൂർ തുടങ്ങിയവർ സംസാരിച്ചു. മനുഷ്യജാലികയിൽ ഉസ്മാൻ എടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി മോഡറേറ്ററായിരുന്നു. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും അൻവർ ഫൈസി നന്ദിയും പറഞ്ഞു. മുസ്തഫ ഫൈസി ചേറൂർ, അഷ്റഫ് ദാരിമി, എം.സി. സുബൈർ ഹുദവി പട്ടാമ്പി, അൻവർ ഹുദവി, മുഹമ്മദ് റഫീഖ് കൂളത്ത്, വിഖായ വളന്റിയർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.