ജിദ്ദ: നഗരവികസനത്തിന് വേണ്ടി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രവർത്തനങ്ങൾ ജിദ്ദയിൽ തുടരുന്നു. നഗരത്തിലെ മുൻതസഹാത് ഡിസ്ട്രിക്ടിലുള്ള ചേരിപ്രദേശങ്ങളിലെ താമസക്കാർക്ക് അറിയിപ്പ് നൽകിത്തുടങ്ങി. നഗരവികസനത്തിന്റെ ഭാഗമായാണ് ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നത്.
ഇതിനകം ജിദ്ദ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ 28 ഓളം ഡിസ്ട്രിക്ടിലുള്ള ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങളാണ് മുനിസിപ്പാലിറ്റി പൊളിച്ചുനീക്കിയത്. ചില ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾ തുടരുകയാണ്. നേരത്തെ തീരുമാനിച്ചതനുസരിച്ച് 32 ചേരികൾ സമയബന്ധിതമായി നീക്കംചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇതിനായുള്ള സമിതി വ്യക്തമാക്കി.
ബനി മാലിക്, വുറൂദ്, മുശ്രിഫ, ജാമിഅ, റവാബി, അസീസിയ, റിഹാബ്, റബുഅ എന്നീ എട്ട് ചേരികളിലെ കെട്ടിടങ്ങൾ നീക്കംചെയ്യുന്ന ജോലികളാണ് ഇപ്പോൾ തുടരുന്നത്.
മുൻതസഹാത്, ഖുവൈസ, അദ്ൽ, ഫദ്ൽ, ഉമ്മുസലം, കിലോ 14 നോർത്ത് എന്നിവിടങ്ങളിലെ കെട്ടിടങ്ങൾ നീക്കംചെയ്യുന്നതിന് മുമ്പായി പ്രദേശത്തെ കെട്ടിടങ്ങളിലേക്കുള്ള സേവനങ്ങൾ നിർത്തലാക്കുന്നതടക്കമുള്ള വിവരങ്ങൾ സംബന്ധിച്ച അറിയിപ്പ് ഉടമകൾ നൽകുമെന്നും സമിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.