റിയാദ്: കേളി കുടുംബവേദി ഏർപ്പെടുത്തിയ ‘ജ്വാല അവാര്‍ഡ്’ എഴുത്തുകാരി സബീന എം. സാലിക്ക് സമ്മാനിച്ചു. കേളി കുടുംബവേദി 2023 മുതലാണ് വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കായി ‘ജ്വാല’ എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത്. ഈ വർഷം സാഹിത്യ രംഗത്തെ സംഭാവനകൾ മുൻനിർത്തിയാണ് സബീന എം. സാലിയെ ജ്വാല-24 അവാര്‍ഡിന് തെരഞ്ഞെടുത്തത്.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് കുഞ്ഞിന്റെയും സുബൈദ ബീവിയുടെയും മകളായി കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ച സബീന എം. സാലി, വൈറ്റില ക്രൈസ്റ്റ് കിങ് കോൺവൻറ് സ്കൂള്‍, എറണാകുളം മഹാരാജാസ്, പാലാ സഹകരണ കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇപ്പോൾ സൗദിയിലെ അൽഗാത്തിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു.
പ്രവാസത്തിൽ തളക്കപ്പെട്ടപ്പോഴും കഥാകാരിയായും കവയിത്രിയായും തിരക്കഥാകൃത്തായും തന്റെ പാത വെട്ടിത്തുറന്ന്, റിയാദിലെ പ്രവാസി മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ച എഴുത്തുകാരിയാണ് സബീന എം. സാലി. കേളി കുടുംബവേദി സെക്രട്ടറിയും കേളി രക്ഷാധികാരി സമിതി അംഗവുമായ സീബാ കൂവോട് സബീന എം.സാലിക്ക് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, എഴുത്തുകാരി സെറീന, പ്രവാസി എഴുത്തുകാരി നിഖില സമീർ എന്നിവര്‍ സംസാരിച്ചു. കുടുംബവേദി വൈസ് പ്രസിഡൻറ് വി.എസ്. സജീന നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.