ദമ്മാം: കലാലയം സാംസ്കാരികവേദിയുടെ 13ാമത് എഡിഷൻ സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ ഐ.സി.എഫ് ഇൻറർനാഷനൽ സെക്രട്ടറി സലീം പാലച്ചിറ പ്രകാശനം ചെയ്തു. വളർന്നുവരുന്ന തലമുറയിൽ ധാർമികത ഉറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇത്തരം കലാസാംസ്കാരിക പരിപാടികൾ അതിന് വലിയ ഊർജം നൽകുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ആർ.എസ്.സി, ഐ.സി.എഫ്, കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ദമ്മാം മീഡിയ ഫോറം എന്നീ സംഘടനാപ്രതിനിധികൾ പങ്കെടുത്തു. പ്രവാസി രിസാല എഡിറ്റർ ലുഖ്മാൻ വിളത്തൂർ സന്ദേശപ്രഭാഷണം നടത്തി.റിയാദ് സിറ്റി, റിയാദ് നോർത്ത്, ദമ്മാം, ജുബൈൽ, അൽഖോബാർ, അൽജൗഫ്, ഹാഇൽ, അൽഖസീം, അൽഅഹ്സ എന്നീ ഒമ്പതു സോണുകളിൽനിന്നും കാമ്പസുകളിൽനിന്നുമായി 2000ത്തോളം മത്സരാർഥികൾ പങ്കെടുക്കുന്ന 13ാം എഡിഷൻ മുൻകാലങ്ങളെ അപേക്ഷിച്ച് പുതിയ അനുഭവമായിരിക്കുമെന്നും ഇന്ത്യയിൽനിന്നുള്ള കല-സാംസ്കാരിക-മാധ്യമരംഗത്തെ പ്രമുഖരും സൗദി സ്വദേശികളായ സാഹിത്യകാരന്മാരും പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
ആർ.എസ്.സി ദമ്മാം സോൺ ചെയർമാൻ സ്വഫ്വാൻ തങ്ങൾ പ്രാർഥന നിർവഹിച്ചു. നാഷനൽ കലാലയം കൺവീനർ മുഹമ്മദ് സ്വാദിഖ് സഖാഫി ജഫനി അധ്യക്ഷത വഹിച്ചു. അൻവർ ഒളവട്ടൂർ സ്വാഗതവും റഊഫ് പാലേരി നന്ദിയും പറഞ്ഞു. 30 വയസ്സുവരെയുള്ള മലയാളിയായ ആർക്കും http://register.rscsaudieast.com എന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാം. അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഇതരസംസ്ഥാന വിദ്യാർഥികൾക്ക് കാമ്പസ് വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.