കേരളത്തിൽ നിന്നുള്ള തീർഥാടകരുടെ അവസാന സംഘം നാളെ എത്തും

മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകരുടെ അവസാന സംഘം വെള്ളിയാഴ്ച എത്തും. അതേസമയം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഹാജിമാരുടെ വരവ് തുടരുകയാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴിയുള്ള ഹാജിമാരുടെ വരവ് വെള്ളിയാഴ്ച ആരംഭിക്കും. ജൂലൈ രണ്ടാം ആഴ്ചയിലാണ് ഹജ്ജിന്റെ ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യയിൽ നിന്നും ഇത്തവണ 79,237 തീർഥാടകർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിൽനിന്നും ഇതുവരെ 22,752 ഹാജിമാരാണ് മദീന വഴി എത്തിയത്. ഇതിൽ 4,210 ഹാജിമാർ മദീനയിലെ എട്ടുദിന സന്ദർശനം പൂർത്തീകരിച്ചു മക്കയിൽ എത്തി. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ വരവ് വെള്ളിയാഴ്ച അവസാനിക്കുന്നത്. നെടുമ്പാശ്ശേരിയിൽ നിന്നും വ്യാഴാഴ്ച രാത്രി 11നാണ് 377 ഹാജിമാരെയും വഹിച്ചുള്ള അവസാന വിമാനം പുറപ്പെടുക പുലർച്ചെ മദീനയിൽ എത്തും. തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിൽനിന്നുള്ള ഹാജിമാരാണ് നെടുമ്പാശ്ശേരിയിൽനിന്നും ഹജ്ജിനായി പുറപ്പെടുന്നത്.

ഇതുകൂടാതെ ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ഡൽഹി, ലക്നൗ, ശ്രീനഗർ, ഗോഹട്ടി, കൽക്കത്ത, മുംബൈ തുടങ്ങിയ എംബാർക്കേഷൻ പോയിന്റുകളിൽനിന്നും ഹാജിമാരുടെ യാത്ര തുടരുന്നുണ്ട്. മദീന വഴിയാണ് കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും ഇത്തവണ ഹജ്ജിന് എത്തുന്നത്. 2056 പുരുഷന്മാരും മഹറമില്ലാ വിഭാഗം ഉൾപ്പെടെ 3,702 സ്ത്രീകളുമാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ അയ്യായിരത്തോളം ഹാജിമാർ ഇതിനകം മദീനയിലെത്തിയിട്ടുണ്ട്. ഹജ്ജിനുശേഷം മലയാളി ഹാജിമാർ ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് നാട്ടിലേക്ക് മടങ്ങുക. ജൂലൈ 15 മുതലാണ് ആദ്യ മലയാളി സംഘം സംഘം നാട്ടിലേക്ക് മടങ്ങി തുടങ്ങുക. മക്കയിലെ ഖുദായി പാർക്കിങ്ങിന് അല്പമകലെ ജബൽ സൗർ ബ്രാഞ്ച് റോഡിൽ ഇന്ത്യയിലുള്ള ഹാജിമാരുടെ സേവനത്തിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. 8002477786 എന്ന ടോൾ ഫ്രീ നമ്പറിലും തീർഥാടകർക്ക് സഹായത്തിനും സേവനത്തിനും ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - kerala Haj Pilgrims arriving in report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.