ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ നിരാകരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഈ സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ നാളിതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അഴിമതിയും അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവുംകൊണ്ട് കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പ്രളയഫണ്ട് വെട്ടിപ്പ് മുതൽ കോവിഡ് കാലത്ത് നടന്ന ഡേറ്റാ കച്ചവടം വരെ ദുരന്തങ്ങളെപ്പോലും ധനസമ്പാദനത്തിനുള്ള മാർഗമാക്കി മാറ്റാൻ കഴിയുമെന്ന് പിണറായി സർക്കാർ തെളിയിച്ചിരിക്കുന്നു.
കേരളത്തിലെ തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ ആശ്രയമായിരുന്ന പി.എസ്.സിയുടെ വിശ്വാസ്യതതന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. പാർട്ടി അനുയായികൾക്കും നേതാക്കളുടെ കുടുംബാംഗങ്ങൾക്കുമായി പിൻവാതിൽ നിയമനങ്ങൾ നടത്തി അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ഇടതു സർക്കാർ വഞ്ചിക്കുകയാണ്. രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫിസും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനടക്കമുള്ളവരുടെ പങ്കും കേരളസമൂഹം വളരെ ഗൗരവത്തോടെ ഈ തെരഞ്ഞെടുപ്പിൽ വിലയിരുത്തും.
പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ ലഹരി കടത്തുകേസിലും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയായ സാഹചര്യം സി.പി.എമ്മിെൻറ രാഷ്ട്രീയ കാപട്യം തിരിച്ചറിയാനും മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എം നേരിടുന്ന പ്രത്യയശാസ്ത്ര വ്യതിയാനങ്ങൾക്കുള്ള ഉദാഹരണവുമാണ്. തെറ്റ് തിരുത്തൽ രേഖ അവതരിപ്പിച്ച നേതാക്കന്മാർക്ക് സ്വന്തം കുടുംബങ്ങളെപ്പോലും തിരുത്താൻ കഴിയുന്നില്ല.
ഇത്തരം നിയന്ത്രണങ്ങളെല്ലാം സാധാരണക്കാരായ പ്രവർത്തകർക്ക് മാത്രമാണ് ബാധകമെന്ന നേതാക്കന്മാരുടെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകൾ അണികൾ തിരിച്ചറിഞ്ഞ് നേതാക്കന്മാരുടെ അഹങ്കാരത്തിനുള്ള താക്കീത് നൽകാൻ ഈ തെരഞ്ഞെടുപ്പ് അവസരം അവർ ഉപയോഗപ്പെടുത്തും. കേന്ദ്ര സർക്കാറിെൻറ ഫാഷിസ്റ്റ് നടപടികളെ വെല്ലുന്ന രീതിയിലാണ് കരിനിയമങ്ങൾ കേരളത്തിലും അടിച്ചേൽപിക്കുന്നത്. ലഘുലേഖ കൈവശംവെച്ചു എന്ന കാരണത്താൽ ജയിലിൽ അടക്കപ്പെട്ട അലനും താഹയും ഉൾപ്പെടെയുള്ളവർ അതിെൻറ ഇരകളാണ്. വിമർശനങ്ങളെ അടിച്ചൊതുക്കാൻവേണ്ടി കൊണ്ടുവന്ന പൊലീസ് ഭേദഗതി നിയമം അവസാനത്തെ ഉദാഹരണമാണ്.
കോവിഡ് മൂലം വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികൾക്കായി പ്രഖ്യാപിച്ച ധനസഹായം പൊള്ളയായ പ്രഖ്യാപനമായി മാറി. ധനസഹായത്തിനായി അപേക്ഷിച്ച പലർക്കും ഇതുവരെ അത് വിതരണം ചെയ്യാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.
കോവിഡ് മൂലം ഗൾഫ് രാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തിരമായി ധനസഹായം നൽകുകയും അവരുടെ നിരാലംബരായ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കുകയും കുട്ടികളുടെ തുടർപഠനങ്ങൾ ഉറപ്പുവരുത്താനുമുള്ള സഹായ പദ്ധതികൾ രൂപവത്കരിക്കുകയും ചെയ്യണമെന്ന് പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ഈ വിഷയത്തിൽ അനുകൂലമായ ഒരു നടപടിയും കൈക്കൊള്ളാൻ നാളിതുവരെ പിണറായി സർക്കാറിന് കഴിഞ്ഞിട്ടില്ല.
കേരളത്തത്തിെൻറ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട ഇടതുസർക്കാറിനും ക്ഷേമപ്രവർത്തന ഫണ്ടുകൾ പാർട്ടി അണികൾക്കുവേണ്ടിയും സ്വന്തക്കാർക്കുവേണ്ടിയും ചെലവഴിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതു ഭരണസമിതികൾക്കെതിരെയും കേരളം വിധി എഴുതും.
ജോസ് കെ. മാണിയുൾപ്പെടെയുള്ള വരെ കൂട്ടത്തിൽ നിർത്തി ഇടതുമുന്നണി നടത്തുന്ന അവസാരവാദ രാഷ്ട്രീയത്തിന് തിരിച്ചടിയായി ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറും. യു.ഡി.എഫിെൻറ വിജയം ഉറപ്പുവരുത്താൻ പ്രവാസികളായ എല്ലാ മതേതര ജനാധിപത്യ വിശ്വാസികൾക്കും ബാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.