ജിദ്ദ: 2022 കിങ് ഫൈസൽ അവാർഡ് ജേതാക്കളെ ആദരിച്ചു. റിയാദിലെ ഫൈസലിയ ഹോട്ടലിലെ അമീർ സുൽത്താൻ ഹാളിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറിന്റെ സാന്നിധ്യത്തിലാണ് അവാർഡ് ജേതാക്കളായ ഏഴ് പേരെ ആദരിച്ചത്.
മക്ക ഗവർണറും അവാർഡ് കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ് അൽഫൈസൽ, അമീറുമാർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
ഇത് ഫൈസൽ രാജാവിന്റെ സമ്മാനമാണെന്ന് അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു. പേര് സൂചിപ്പിക്കുന്നപോലെ സത്യത്തെ അസത്യത്തിൽ നിന്നും സൗന്ദര്യത്തെ മൃഗീയതയിൽനിന്നും നന്മയെ തിന്മയിൽനിന്നും വേർതിരിക്കുന്നു. അങ്ങനെയാണ് അദ്ദേഹം ജീവിച്ചത്.
ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ. അദ്ദേഹത്തിന്റെ ഓർമകൾ എന്നും നിലനിൽക്കട്ടെയെന്നും അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു.
ഇസ്‌ലാമിക സേവനം, അറബി ഭാഷ, സാഹിത്യം, വൈദ്യം, ശാസ്ത്രം എന്നീ മേഖലകളിൽ മികവ് തെളിയിച്ച ഏഴ് വ്യക്തിത്വങ്ങളുടെ പേരുകൾ അവാർഡ് സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽ സബീൽ വിജയികളുടെ പേരുകൾ സദസ്സിൽ പ്രഖ്യാപിച്ചു.
താൻസനിയൻ മുൻ പ്രസിഡൻറ് അലി ഹസൻ മ്വിവിനി, പ്രഫസർ ഹസൻ മഹ്മൂദ് അൽഷാഫി എന്നിവർക്കാണ് ഇസ്ലാമിക സേവനത്തിനുള്ള അവാർഡ് ലഭിച്ചത്.
അറബിക് ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പുരസ്‌കാരം പ്രഫ. സൂസൻ സ്റ്റെറ്റ്‌കെവിച്ചിനും പ്രഫ. മുഹ്സിൻ അൽമൂസവിക്കുമാണ്. വൈദ്യശാസ്ത്രത്തിനു അവാർഡ് ലഭിച്ചത് പ്രഫസർ ഡേവിഡ് ലോക്കിനാണ്.
പ്രഫ. മാർട്ടിൻ ഹീറർ, പ്രഫ. നാദിർ അൽ മസ്‌മൂദി എന്നിവർക്കാണ് ശാസ്ത്ര രംഗത്തെ അവാർഡ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.