മേയിൽ രാജ്യത്തുടനീളം നടക്കുന്ന സാംസ്കാരിക മേളയായ ‘കിങ്ഡം ടൂർ 2023’ കലണ്ടർ പ്രഖ്യാപന പരിപാടി
ജിദ്ദ: ‘കിങ്ഡം ടൂർ 2023’ എന്ന പേരിൽ രാജ്യത്തുടനീളം ഒരു മാസം നീണ്ടുനിൽക്കുന്ന സാംസ്കാരിക മേള. സൗദി പൊതുവിനോദ അതോറിറ്റി സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന സംഗീതമേളകളും നാടകാവതരണങ്ങളും അടക്കമുള്ള കലാപരിപാടികളുടെ വിശദാംശങ്ങളടങ്ങിയ കലണ്ടർ ചെയർമാൻ തുർക്കി ആലുശൈഖ് റിയാദിൽ പ്രഖ്യാപിച്ചു.
സൗദി കലാകാരന്മാരും മറ്റ് അറബ് രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരും അവതരിപ്പിക്കുന്ന പരിപാടികളാണ് അരങ്ങേറുന്നത്. മ്യൂസിക് അതോറിറ്റി, തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റി, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം, സ്പിരിറ്റ് ഓഫ് സൗദി അറേബ്യ എന്നിവയുടെ സഹകരണത്തോടെ റിയാദ്, ത്വാഇഫ്, ഖസീം, അബഹ, ഹാഇൽ, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും നടക്കുന്ന നാടകങ്ങളിലും സംഗീതക്കച്ചേരികളിലും രാജ്യത്തെ നിരവധി യുവാക്കൾ പങ്കെടുക്കുമെന്നും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
വിഖ്യാത സൗദി ഗായകൻ മുഹമ്മദ് അബ്ദു, മറ്റ് അറബ് ഗായകരായ റബീഹ് സഖർ, അസല, ഖാലിദ് അബ്ദുറഹ്മാൻ, ഫഹദ് അൽ ഖുബൈസി, അയ്ദ്, അസീൽ അബൂബക്കർ, സീന ഇമാദ് തുടങ്ങിയ നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന സംഗീതക്കച്ചേരികളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്നത്. പ്രേക്ഷകർക്ക് അതുല്യമായ അനുഭവം നൽകുന്ന നിരവധി നാടകാവതരണങ്ങളുമുണ്ടാകുമെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.