നാട്ടിലേക്കുള്ള യാത്രയിൽ അബ്ദുല്ലത്തീഫ് (ഇടത്തേയറ്റം), ഹാരിസ് മമ്പാട്, വരവൂർ ഉമർ സഖാഫി എന്നിവരോടൊപ്പം ജിദ്ദ വിമാനത്താവളത്തിൽ

കെ.എം.സി.സി പ്രവർത്തകരുടെ തണലിൽ അബ്ദുല്ലത്തീഫ് നാടണഞ്ഞു

ജിദ്ദ: ഉംറ നിർവഹിക്കാനെത്തി ന്യുമോണിയ ബാധിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി ഉടുമ്പന്നൂർ സ്വദേശി അബ്ദുല്ലത്തീഫ് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. ഏഴ് കുടുംബങ്ങളുൾപ്പെടെ 28 അംഗ സംഘത്തോടൊപ്പം കഴിഞ്ഞ ഡിസംബർ ആദ്യവാരമാണ് ഇദ്ദേഹം ഉംറക്ക് എത്തിയത്. ഉംറ നിർവഹണത്തിന് ശേഷം മദീന സന്ദർശനത്തിനിടെയാണ് ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചത്.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരു മാസത്തോളം മദീന കിംങ് ഫഹദ് ആശുപത്രിയിൽ വെന്റിലേറ്ററിലും ഐ.സി.യുവിലുമായി ചികിത്സയിലായിരുന്നു. അസുഖത്തിന് ശമനം വന്നതിനെത്തുടർന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനായി ജിദ്ദ വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ വീണ്ടും ഇദ്ദേഹത്തിന് ശ്വാസതടസ്സം നേരിടുകയും ജിദ്ദയിലെ കിംങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വീണ്ടും ഒന്നര മാസത്തോളം ജിദ്ദയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷം ഉംറ വിസയുടെ കാലാവധി തീരുന്ന മാർച്ച് രണ്ടിന് ശനിയാഴ്ച ഇദ്ദേഹത്തെ കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാട്ടിലെത്തിക്കുകയായിരുന്നു.

മദീനയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കെ.എം.സി.സി മദീന വെൽഫെയർ വിംങ് ചെയർമാൻ മുഹമ്മദ്‌ ഷഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിൽ പരിചരണത്തിലായിരുന്നു ഇദ്ദേഹം. ജിദ്ദയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കെ.എം.സി.സി സൗദി നാഷനൽ വെൽഫെയർ വിംങ് ചെയർമാൻ മുഹമ്മദ്‌ കുട്ടി പാണ്ടിക്കാട്, ജിദ്ദ സെൻട്രൽ കമ്മിറ്റി വെൽഫെയർ ആൻഡ് മെഡിക്കൽ വിംങ് അംഗം ഹാരിസ് മമ്പാട്, കെ.എം.സി.സി വളാഞ്ചേരി കമ്മിറ്റി നേതാവ് സൈനുൽ ആബിദ് ജാപാനീസ്, ലത്തീഫ് മുത്തു, അഷ്‌റഫ്‌ കുട്ടിമാൻ നല്ലളം എന്നിവരും പരിചരിക്കാനുണ്ടായിരുന്നു.

ഇദ്ദേഹത്തിന്റെ ചികിത്സയുമായും പരിചരണവുമായും ബന്ധപ്പെട്ട് സഹായത്തിനുണ്ടായിരുന്ന മദീന കിംങ് ഫഹദ് ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, ജിദ്ദ കിംങ് ഫഹദ് ആശുപത്രിയിലെ ഡോ. മുഹമ്മദ്‌ ഉവൈജിയുടെ നേതൃത്വത്തിലുള്ള ടീം, നഴ്‌സുമാരായ സജിന, ജിൻസി, ശാമ അഞ്ജന, ലക്ഷ്മി, മറ്റു ജീവനക്കാർ, മദീന, ജിദ്ദ കെ.എം.സി.സി നേതാക്കൾ, പ്രവർത്തകർ, ഇദ്ദേഹത്തോടൊപ്പം നാട്ടിലേക്ക് കൂടെ അനുഗമിച്ച വരവൂർ ഉമർ സഖാഫി എന്നിവരോട് അബ്ദുല്ലത്തീഫിന്റെ കുടുംബം പ്രത്യേകം നന്ദി അറിയിച്ചു.

Tags:    
News Summary - KMCC Workers Assisted Abdul Latheef to reach home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.