ജിദ്ദ: കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ)യുടെ ഒമ്പതാമത് വാർഷികാഘോഷം ഈ മാസം 17ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.‘വസന്തോത്സവം’ എന്നപേരിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വൈകീട്ട് ആറ് മുതൽ രാത്രി 10.30 വരെയായിരിക്കും വാർഷികാഘോഷ പരിപാടികൾ നടക്കുക.
കോൺസുൽ ജനറൽ പ്രധാന അതിഥിയായി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. നാട്ടിൽനിന്നുള്ള പ്രമുഖ കലാകാരന്മാരായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സുമേഷ് അയിരൂർ, സുമി അരവിന്ദ് തുടങ്ങിയവരോടൊപ്പം ഗൾഫിൽ പുതുമുഖമായ അൻസു കോന്നിയും വാർഷികാഘോഷത്തിൽ പങ്കെടുക്കും. കൂടെ കെ.ഡി.പി.എ അംഗങ്ങളും കുട്ടികളും ജിദ്ദയിലെ മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
സംഗീതം, കോമഡി സ്കിറ്റ്, ഫിഗർ ഷോ, വിവിധ നൃത്തങ്ങൾ, ലഘുനാടകം എന്നിവയായിരിക്കും കലാപരിപാടികൾ. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ സാംസ്കാരിക, സാമൂഹിക സംഘടനാനേതാക്കൾ പങ്കെടുക്കും. പ്രവേശനം സൗജന്യമാണെങ്കിലും കെ.ഡി.പി.എ കമ്മിറ്റി നൽകുന്ന പ്രത്യേകം ഗൂഗിൾ ഫോം വഴി പങ്കെടുക്കുന്നവരുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും പരിപാടി ആസ്വദിക്കാൻ ജിദ്ദയിലെ മുഴുവൻ കലാസ്നേഹികളെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
കെ.ഡി.പി.എ ചെയർമാൻ നിസാർ യൂസഫ്, പ്രസിഡൻറ് അനിൽ നായർ, സെക്രട്ടറി അനീസ് മുഹമ്മദ്, ട്രഷറർ പ്രസൂൺ ദിവാകരൻ, ജനറൽ കൺവീനർ അബ്ദുൽ റസാഖ്, ഫൈനാൻസ് കമ്മിറ്റി കൺവീനർ സിറിയക് കുര്യൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ദർശൻ മാത്യു, ലോജിസ്റ്റിക് കമ്മിറ്റി കൺവീനർ പ്രശാന്ത് തമ്പി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.