ദമ്മാം: വടക്കൻ കേരളത്തിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ ദമ്മാമിലെ നവയുഗം സാംസ്കാരിക വേദി പ്രതിഷേധിച്ചു. റൺവേയുടെ നീളം കുറയ്ക്കാനും എയർപോർട്ടിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയാനുമുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനങ്ങളിലാണ് മദീനത്ത് അമൽ യൂനിറ്റ് സമ്മേളനം രാഷ്ട്രീയപ്രമേയത്തിലൂടെ പ്രതിഷേധിച്ചത്. സുരക്ഷ വർധിപ്പിക്കാനെന്ന പേരിൽ, റൺവേയുടെ നീളം വെട്ടിക്കുറക്കുന്നതിനായി നടത്തുന്ന നടപടികൾ, വിമാനത്താവളത്തെ ശാശ്വതമായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
വലിയ വിമാനങ്ങളുടെ സർവിസും ഹജ്ജ് എംബാർക്കേഷൻ സർവിസും വിമാനത്താവളത്തിന് നിഷേധിക്കാനുള്ള ഒളിയജണ്ട ഇതിന് പിറകിലുള്ളതായി സംശയിക്കണം. കരിപ്പൂരിനെ വെറുമൊരു ആഭ്യന്തര വിമാനത്താവളം മാത്രമാക്കി തരം താഴ്ത്താനുള്ള കോർപറേറ്റുകളുടെയും അവരുടെ പാദസേവകരായ ലോബിയുടെയും ഗൂഢതന്ത്രത്തിന് കേന്ദ്രസർക്കാറും വ്യോമയാന മന്ത്രാലയവും ഒത്താശ ചെയ്യുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. പ്രളയ ദുരന്തകാലത്ത് ഇന്ത്യൻ വ്യോമസേനയുടെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കിയതോടെ വലിയ വിമാനങ്ങൾ ഇറക്കാൻ കരിപ്പൂർ പ്രാപ്തമാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ സാങ്കേതിക കുരുക്കുകൾ ഉണ്ടാക്കി സർവിസ് തടയുന്നതിനെ ഒരു കാരണവശാലും നീതീകരിക്കാനാകില്ല. തിരുവനന്തപുരത്തെ പോലെ കോഴിക്കോട് വിമാനത്താവളവും സ്വകാര്യ കമ്പനിക്ക് വിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഈ നടപടികളെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നവയുഗം പ്രമേയത്തിലൂടെ ആരോപിച്ചു. ദമ്മാം കമ്മിറ്റി ഓഫിസിൽ നടന്ന യൂനിറ്റ് സമ്മേളനത്തിൽ അലി അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി സീനിയർ നേതാവായ ഉണ്ണി പൂച്ചെടിയൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, ദമ്മാം മേഖല പ്രസിഡന്റ് നിസ്സാം കൊല്ലം എന്നിവർ സംസാരിച്ചു. യൂനിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി അലി (രക്ഷാ.), ടി. സുരേന്ദ്രൻ (പ്രസി.), ഷബീർ (വൈസ് പ്രസി.), റിജു കലയപുരം (സെക്ര.), സന്തോഷ് കുമാർ (ജോ. സെക്ര.), മുജീബ് റഹ്മാൻ (ട്രഷ.) എന്നിവരെയും 12 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.