പിരിച്ചുവിട്ട ജീവനക്കാരന് സേവന ആനുകൂല്യങ്ങൾ നൽകാൻ ലേബർ കോടതി ഉത്തരവ്

ബുറൈദ: അകാരണമായി പിരിച്ചുവിട്ട തൊഴിലാളിക്ക് സേവന ആനുകൂല്യങ്ങളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും നൽകാൻ റിയാദ് ലേബർ കോടതി സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ടു. പരാതി ലഭിച്ചതിനെ തുടർന്ന് നീതിന്യായ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലായ 'നാജിസ് സെന്റർ ഫോർ ജുഡീഷ്യൽ സർവീസി'ലൂടെ കമ്പനി അധികൃതരെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

കോടതി നടപടികളോട് തൊഴിലുടമ സഹകരിക്കുകയോ കോടതിയിൽ ഹാജരാവുകയോ ചെയ്യാത്ത സാഹചര്യത്തിൽ വിധി അന്തിമമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ച കോടതി വ്യക്തമാക്കി. അപ്പീൽ നൽകാനുള്ള അവസരമില്ലെന്നും കോടതി അറിയിച്ചു.

കമ്പനിയുടെ ഒരു ശാഖ അടച്ചുപൂട്ടിയതിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരനാണ് കോടതിയെ സമീപിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടിശ്ശിക ശമ്പളം, ആദ്യത്തെ അഞ്ചുകൊല്ലം പ്രതിവർഷം അര മാസത്തെ ശമ്പളം, തുടർന്നുള്ള കാലയളവിൽ ഒരു വർഷ ശമ്പളം എന്നീ സേവനാനന്തര ആനുകൂല്യങ്ങൾ കൂടാതെ തൊഴിൽ നിയമം ആർട്ടിക്കിൾ 77 പ്രകാരം നിയമവിരുദ്ധമായ പിരിച്ചുവിടലിനുള്ള പരിഹാരമായ രണ്ട് മാസത്തെ വേതനത്തിന് തുല്യമായ തുക എന്നിവ കമ്പനി പരാതിക്കാരന് നൽകണം.

പരാതിക്കാരന് മറ്റൊരു സ്ഥാപനത്തിൽ ജോലി നേടുന്നതിന് തടസ്സമാകാത്ത വിധം സൗജന്യമായി പ്രവൃത്തിപരിചയ സാക്ഷ്യപത്രവും കമ്പനി നൽകണം. എത്രവർഷം ജോലി ചെയ്തു, തൊഴിലിന്റെ സ്വഭാവം, ഒടുവിൽ കൈപ്പറ്റിയ ശമ്പളം ഇവയെല്ലാം സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തിയിരിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - labour court order to pay service benefits to dismissed employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.