റിയാദ്: രാജ്യത്തെ പ്രകൃതിസുന്ദരമായ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അൽബാഹയുടെ സൗന്ദര്യം നുകരാൻ പുതിയ ഉദ്യാനം ഒരുങ്ങി. റഗ്ദാൻ കാട്ടിന് നടുവിലാണ് ലാവൻഡർ ഗാർഡൻ എന്നപേരിലുള്ള റിസോർട്ടും ഉദ്യാനവും പൊതുജനങ്ങൾക്കും സന്ദർശകർക്കുമായി തുറന്നത്. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഉദ്യാനം ഒരുങ്ങിയിട്ടുള്ളത്. ഇതിനുള്ളിൽ 8,000 ചതുരശ്ര മീറ്റർ വലുപ്പത്തിൽ ആളുകൾക്ക് കൂടിയിരിക്കാനും വിശ്രമിക്കാനുമുള്ള നടുമുറ്റമുണ്ട്. 500 മീറ്റർ നീളത്തിലും 5,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലും കല്ലുപതിച്ച നടപ്പാതയും തയാറാക്കിയിട്ടുണ്ട്. മനോഹരമായ ഒരു വെള്ളച്ചാട്ടം ഉദ്യാനത്തിന് ഹൃദ്യത പകരുന്നു. 270 അലംകൃത വിളക്കുമരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങളും സൗന്ദര്യാനുഭൂതി പകരുന്ന പുഷ്പവാടിയും മരംകൊണ്ടുണ്ടാക്കിയ നടപ്പാതയും വേലിയും പാലങ്ങളും ഉദ്യാനത്തിന് സൗന്ദര്യമേറ്റുന്നു. ഈ ഉദ്യാനമടക്കം അൽബാഹ മേഖലയിൽ ഈ വർഷം ആകെ നാലു ലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിൽ പുതിയ പാർക്കുകളും ഗാർഡനുകളും ഒരുക്കിയതായി മേയർ ഡോ. അലി ബിൻ മുഹമ്മദ് അൽസവാദ് പറഞ്ഞു. ഇതോടെ മുനിസിപ്പാലിറ്റിക്കു കീഴിൽ മേഖലയിലുള്ള ഉദ്യാനങ്ങളുടെ ആകെ വലുപ്പം 80 ലക്ഷം ചതുരശ്ര മീറ്ററായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.