ജിദ്ദ: മീഡിയകളുടെ വിശാല ലോകത്തെ അറിയാതെ പോകുന്നത് വൻ നഷ്ടമാണെന്ന് മാധ്യമപ്രവർത്തകനും യുവ വ്യവസായിയുമായ പാരി രവീന്ദ്രനാഥൻ. സിജി ഇൻറർനാഷനൽ സംഘടിപ്പിച്ച ഡോ. കെ.എം. അബൂബക്കർ മെമ്മോറിയൽ അഞ്ചാമത് സി-ടാക്ക് പ്രഭാഷണ പരമ്പരയിൽ 'ഗ്ലോബൽ മീഡിയ ഔട്ട്ലുക്ക് ആൻഡ് കരിയർ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പത്രപ്രവർത്തനം ഏറെ ശ്രമകരവും ഒരു പരിധിവരെ അപകടകരവുമാണെന്ന് യുദ്ധമുഖങ്ങളിലടക്കം നൂറിലേറെ രാജ്യങ്ങൾ താണ്ടിയ അനുഭവങ്ങളെ സാക്ഷിയാക്കി പാരി പറഞ്ഞു. ടെക്സ്റ്റ്, ഓഡിയോ, വിഡിയോ എന്നിവ അനേകം തവണ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടിവരും. അർപ്പണമനോഭാവം ഒരു മാധ്യമപ്രവർത്തകന് തെൻറ പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാനും പ്രശസ്തനാവുന്നതിനും ആവശ്യമാണ്. നിർഭാഗ്യവശാൽ ഇന്ന് ഇന്ത്യയിൽ മാധ്യമപ്രവർത്തകരിൽ പലരും മറ്റാരോടോ വിധേയത്വം പുലർത്തിയാണ് വാർത്തകളും അഭിപ്രായങ്ങളും അവതരിപ്പിക്കുന്നത്. ചടങ്ങിൽ സിജി ഇൻറർനാഷനൽ ആക്ടിങ് ചെയർമാൻ എം.എം. അബ്ദുൽ മജീദ് ദമ്മാം അധ്യക്ഷത വഹിച്ചു.
എൻജി. പി.ടി. ഫിറോസ് (ദോഹ) മാധ്യമ രംഗത്തെ കോഴ്സുകളെ കുറിച്ചും അവ ലഭ്യമായ സ്ഥാപനങ്ങളെ കുറിച്ചും സംസാരിച്ചു. സിജി ഇൻറർനാഷനൽ കോഓഡിനേറ്റർ റുഖ്നുദ്ദീൻ അബ്ദുല്ല സ്വാഗതവും കരിയർ കോഒാഡിനേറ്റർ എൻജി. നൗഷാദ് വി. മൂസ യാംബു നന്ദിയും പറഞ്ഞു.
റാബിയ റൂബി, അഹമ്മദ് ശബീർ, ഹനീഫ് തയ്യിൽ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ഡോ. കെ.എം. അബൂബക്കർ മെമ്മോറിയൽ ഇൻറർനാഷനൽ സി-ടാക് പരമ്പരയിലെ മുൻ സെഷനുകളിൽ ഡോ. ശശി തരൂർ, ഡോ. ടി.ആർ. ഗോപാലകൃഷ്ണൻ, ഡോ. ആസാദ് മൂപ്പൻ, ദിൽന ഫിലിപ്, ശുഭ്രതോ ദത്ത, ലക്ഷ്മി മേനോൻ, ഹനാൻ ഹാഷിം, ഖദീജ ദിൽന, സുനിൽ ഷംസുദ്ദീൻ, അമീർ പിച്ചൻ എന്നിവർ പ്രഭാഷകരായിരുന്നു. സിജി ഇൻറർനാഷനൽ ചെയർമാൻ കെ.എം. മുഹമ്മദ് മുസ്തഫ നേതൃത്വം നൽകുന്ന ടീമാണ് സി-ടാക് സീരീസ് പ്രഭാഷണപരമ്പരക്ക് ചുക്കാൻപിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.