ജിദ്ദ: ലോക ഭക്ഷ്യമേളയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് സൗദിയിൽ സംഘടിപ്പിച്ച 'ലുലു കിങ്ഡം ഷെഫ് പാചക മത്സര'ത്തിന്റെ ഒന്നാം എഡിഷൻ ജിദ്ദ മേഖല വിജയിയായി സജ്ന യൂനുസ് തിരഞ്ഞെടുക്കപ്പെട്ടു. അമീർ ഫവാസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ അരങ്ങേറിയ മത്സരത്തിൽ മത്സ്യവിഭവങ്ങളായിരുന്നു മൂല്യനിർണയത്തിന് പരിഗണിച്ചത്. ഫ്രഞ്ച് റെസിപ്പിയായ 'റോളഡ്' ഇനത്തെ കേരളത്തനിമയിലേക്ക് മാറ്റി 'പ്രോൺസ് ടാപ്പിയോക്ക റോളഡ്' എന്ന പേരിൽ നാടൻ കപ്പക്കകത്ത് ചെമ്മീൻ നിറച്ചുണ്ടാക്കി ആവിയിൽ വേവിച്ചെടുത്ത പ്രത്യേക വിഭവമാണ് ഒന്നാംസ്ഥാനം നേടിയ സജ്ന യൂനുസ് തയാറാക്കിയിരുന്നത്. ജിദ്ദയിൽ വീട്ടമ്മയായ പെരിന്തൽമണ്ണ സ്വദേശിനിയായ ഇവർ ജിദ്ദയിൽ നടന്ന വിവിധ പാചക മത്സരത്തിൽ വിജയിയായിട്ടുണ്ട്.
'ഫ്യൂഷൻ ദാബ് ചിങ്കിരി' എന്ന ബംഗാൾ ഭക്ഷ്യയിനത്തെ കേരളീയ രീതിയിൽ ഒരുക്കിയ ആസിഫ സുബ്ഹാൻ മത്സരത്തിൽ രണ്ടാംസ്ഥാനം നേടി. ഇളനീർ കാമ്പും വെള്ളവും തേങ്ങാപ്പാലും ചേർത്തുണ്ടാക്കിയ പ്രത്യേക വിഭവത്തിൽ ചെമ്മീൻ കൂട്ടിച്ചേർത്ത് ഇളനീർ തേങ്ങക്കകത്തു വെച്ച് ബേക്കിങ് ചെയ്തെടുത്ത വിഭവമായിരുന്നു ഇത്. മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിനിയായ ആസിഫ സുബ്ഹാൻ ജിദ്ദയിൽ വീട്ടമ്മയാണ്. എറണാകുളം കോതമംഗലം സ്വദേശിനി ഖൈറുന്നിസ അംറു മത്സരത്തിൽ മൂന്നാംസ്ഥാനം നേടി. ചെമ്മീനും മുരിങ്ങാക്കായയും ചേർത്തുണ്ടാക്കിയ കറി, ആവോലി പൊള്ളിച്ചത് എന്നിവ പ്രത്യേക രീതിയിലുണ്ടാക്കിയ നാടൻവിഭവമാണ് ഇവർക്ക് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.
ഗൾഫ് മാധ്യമവുമായി സഹകരിച്ച് ലുലു നടത്തിയ പാചക മത്സരത്തിൽ ജിദ്ദ മേഖലയിൽനിന്നും ലഭിച്ച 100ഓളം എൻട്രികളിൽനിന്നും പ്രത്യേകം തിരഞ്ഞെടുത്ത 20 പേരാണ് ഫൈനലിൽ മാറ്റുരച്ചത്. ലോകപ്രശസ്ത ഷെഫ് സുരേഷ് പിള്ള വിജയികളെ തിരഞ്ഞെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവരും തയാറാക്കിയ വിഭവങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നെന്നും അതിനാൽതന്നെ വിജയികളെ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷെഫ് സുരേഷ് പിള്ളയുടെ മാസ്റ്റർ പീസ് ഇനമായ മത്സ്യം തേങ്ങാപ്പാലൊഴിച്ച് പാചകം ചെയ്യുന്ന പ്രത്യേക വിഭവമായ 'ഫിഷ് നിർവാണ' തത്സമയം അദ്ദേഹം വേദിയിൽവെച്ച് പാകം ചെയ്തെടുത്ത് അതിഥികൾക്ക് വിതരണം ചെയ്തത് പ്രേക്ഷകരുടെ കൈയടി നേടി. സദസ്സിന് തത്സമയം ഷെഫിനോട് സംശയങ്ങൾ ചോദിക്കാനുള്ള അവസരം വീട്ടമ്മമാർ ഉൾപ്പെടെ നിരവധി പേർ പ്രയോജനപ്പെടുത്തി.
വിജയികൾക്കുള്ള സമ്മാനദാനം ഷെഫ് സുരേഷ് പിള്ള നിർവഹിച്ചു. ലുലു വെസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി, റീജനൽ മാനേജർ റിൽസ് മുസ്തഫ, കമേഴ്സ്യൽ മാനേജർ അബ്ദുൽ റഹീം, അമീർ ഫവാസ്, ബ്രാഞ്ച് ജനറൽ മാനേജർ അനസ് ഹനീഫ, ഫ്രന്റ്ലൈൻ മാനേജർ ഖാലിദ് അൽഗാംദി, സെക്യൂരിറ്റി മാനേജർ അബ്ദുറഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.
നൂറുകണക്കിനാളുകൾ തടിച്ചുകൂടിയ പരിപാടിക്ക് കൊഴുപ്പേകി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാസാംസ്കാരിക പരിപാടികളും വേദിയിൽ അരങ്ങേറി. സലീന മുസാഫിർ ചിട്ടപ്പെടുത്തിയ രാജസ്ഥാനി, ബോളിവുഡ് നൃത്തങ്ങളും ടീം വേൾഡ് മലയാളി ഹോം ഷെഫ്, ടീം മലർവാടി, ടീം ഋതൂസ് എന്നിവരുടെ വിവിധ നൃത്തങ്ങളും അരങ്ങേറി. ആശ ഷിജു, സോഫിയ സുനിൽ, ലുലു സ്റ്റാഫ് അംഗങ്ങളായ ഖമറുദ്ദീൻ, നൗഫൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റയ്യാൻ മൂസ, ഡോ. ആലിയ എന്നിവർ അവതാരകരായിരുന്നു. കാണികൾക്കായി ഇൻസ്റ്റന്റ് ക്വിസ് മത്സരവും സമ്മാന വിതരണവും ഉണ്ടായിരുന്നു. ജിദ്ദ അമീർ ഫവാസ് ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാർ, 'ഗൾഫ് മാധ്യമം' ജിദ്ദ ടീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.