ജുബൈൽ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ജുബൈലിൽ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ പുതിയ മാനേജ്‌മന്റ് കമ്മിറ്റിയെ ഇനി മലയാളി നയിക്കും. 2022-2025 വർഷത്തേക്കുള്ള ചെയർമാനായി മലപ്പുറം സ്വദേശി ഡോ. പി.കെ. ജൗഷീദ് തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ഷുജാഅത് അബ്ബാസ് മിർസ, മെഹുൽ ചൗഹാൻ, മുഹമ്മദ് ജമീൽ അക്തർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഏഴംഗ കമ്മിറ്റിയിൽ ബാക്കിയുള്ളവരുടെ നിയമനങ്ങൾ വൈകാതെ നടക്കും. മഞ്ജുഷ ചിറ്റലെയാണ് സ്കൂൾ പ്രിൻസിപ്പൽ. വിദ്യാഭ്യാസ മന്ത്രാലയ നിരീക്ഷകനായി ചുമതല വഹിക്കുന്നത് ഹുസൈൻ അൽ മഖ്‌ബൂലാണ്. 1987-ൽ സ്ഥാപിതമായ ജുബൈൽ ഇന്ത്യൻ സ്കൂളിൽ നിലവിൽ 6,500-ൽ പരം കുട്ടികൾ പഠിക്കുന്നു. 380 അധ്യാപകരും 50-ലേറെ മറ്റു ജീവനക്കാരും സേവനമനുഷ്ഠിക്കുന്നുണ്ട്.
രസതന്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള ജൗഷീദ് മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയാണ്. മമ്പാട് എം.ഇ.എസ് കോളജ്, എം.ജി യൂനിവേഴ്സിറ്റി, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ഇഞ്ചെൺ സൗത്ത് കൊറിയ എന്നിവിടങ്ങളിലായിരുന്നു പഠനം. തുടർന്ന് ഐ.ഐ.ടി ഖരഗ്പൂർ, ഐ.ഐ.എസ്.ഇ.ആർ ഭോപ്പാൽ, ബിൽകന്റ് യൂനിവേഴ്സിറ്റി തുർക്കി എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടർ ഫെല്ലോ ആയി സേവനം അനുഷ്ടിച്ചു.
2015 മുതൽ ഇന്ത്യയിൽ പോളിമർ കമ്പനിയിൽ ജോലി ചെയ്തു. നിലവിൽ ജുബൈൽ വ്യവസായ നഗരത്തിലെ 'തസ്‌നി' പെട്രോകെമിക്കൽ കമ്പനിയിൽ സീനിയർ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഫിദ നസീഫയാണ് ജൗഷീദിന്റെ ഭാര്യ. മക്കൾ: ഇഷാൻ റാസി, ഇഷാൻ ല്തഫി, ഇൻഷാ മെഹ്‌റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.