റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് ജുമാമസ്ജിദിന് സമീപം മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പൊള്ളലേറ്റ നിലയിൽ റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (ശനിയാഴ്ച) പുലർച്ചെ മൂന്നോടെ മരിച്ചു.
അഞ്ചുവർഷത്തോളമായി റിയാദ് എക്സിറ്റ് ആറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. പാചകത്തിനിടെ ജോലിയാവശ്യാർഥം പെട്ടെന്ന് വിളി വന്നപ്പോൾ പുറത്തുപോയതാണ്. ഗ്യാസ് സിലിണ്ടർ തുറന്നത് ഓർക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീയാളി പിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
പിതാവ്: കുന്നുമ്മൽ അബ്ദുല്ല. മാതാവ്: പൊയിലൻ ആയിഷ (മാലൂർ). ഭാര്യ: ആസ്യ. മക്കൾ: ആലിയ മെഹ്വിഷ്, അസ്ബ മെഹക്. സഹോദരങ്ങൾ: ഫുളൈൽ, ഫൈസൽ, നൗഫൽ, ഹാഫിള, അനസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.