ദമ്മാം: മണിപ്പൂരിലും ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും ക്രിസ്ത്യൻ- മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ യാദൃശ്ചികമല്ലെന്നും സംഘ്പരിവാറിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച വംശഹത്യ പ്രതിരോധ സംഗമം അഭിപ്രായപ്പെട്ടു.
സംഘർഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘ്പരിവാർ ഭരണകൂടം ആസൂത്രിതമായ ആക്രമണങ്ങൾ അഴിച്ചു വിടുന്നത്. ആർ.എസ്.എസിന്റെ വിചാരധാരയിൽ പറയുന്നത് പ്രകാരം ഗുജറാത്തിൽ നടന്ന മുസ്ലിം ഉന്മൂലനത്തിന്റെ തുടർച്ചയാണ് മണിപ്പൂരിലും ഹരിയാനയിലെ നൂഹിലും നടന്നുകൊണ്ടിരിക്കുന്നതെന്ന് വിഷയം അവതരിപ്പിച്ച പ്രോവിൻസ് വൈസ് പ്രസിഡൻറ് മുഹ്സിൻ ആറ്റശ്ശേരി പറഞ്ഞു.
ഹരിഹായനയിൽ ആക്രമണങ്ങൾക്കിടയിൽ സംഘ്പരിവാർ പ്രവർത്തകർ ഗുഡ്ഗാവിലെയും സോഹ്നയിലെയും രണ്ട് മസ്ജിദുകൾക്ക് തീയിടുകയും ഇമാമിനെ അടക്കം കൊലപ്പെടുത്തുകയും ചെയ്തു. ആർ.എസ്.എസും നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും തുറന്നുവിട്ട ഹിന്ദുത്വ വിഷബീജങ്ങൾ ആയുധമേന്തി രാജ്യത്തെ ദലിത്-മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ കൊന്നൊടുക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ജയ്പൂർ-മുംബൈ ട്രെയിനിൽ നടന്ന കൊലപാതകങ്ങളും ഹരിയാനയിലെ വംശീയാക്രമണങ്ങളും.
ആയുധമേന്തിയ ഹിന്ദുത്വ ഭീകരർ നടത്തുന്ന കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. തികഞ്ഞ ആസൂത്രണത്തോടെ നടക്കുന്ന വംശഹത്യാ പ്രൊജക്ടിന്റെ ഭാഗമാണിതെല്ലാം. മുമ്പ് പശുക്കടത്തും ലൗ ജിഹാദും ആരോപിച്ച് കൊണ്ടായിരുന്നു സംഘ് പരിവാർ ആൾക്കൂട്ടം മുസ്ലിം സമൂഹത്തിനെതിരിൽ ആസൂത്രിതമായ അക്രമണങ്ങൾ നടത്തിയിരുന്നത്. ഇപ്പോൾ മോദിക്കും യോഗിക്കുമൊപ്പം നിൽക്കാതിരിക്കുക എന്നത് തന്നെ കൊല്ലാനുളള കാരണമായി മാറിയിരിക്കുകയാണ്.
ഈ ഘട്ടത്തിൽ ആർ.എസ്.എസും മോദിയും യോഗിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വംശീയതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധങ്ങളും യോജിച്ച പ്രതിഷേധങ്ങളുമാണ് ഉയർന്നുവരേണ്ടതന്ന് ചർച്ചയിൽ പങ്കെടുത്ത ശംസ് കൊല്ലം (ഒ.ഐ.സി.സി), ഹമീദ് വടകര (കെ.എം.സി.സി), സാജിദ് ആറാട്ടുപുഴ (മാധ്യമ പ്രവർത്തകൻ), ബൈജു കുട്ടനാട് എന്നിവർ പറഞ്ഞു.
റീജനൽ പ്രസിഡൻറ് അബ്ദുറഹീം തീരൂർക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു പൂതകുളം സ്വാഗതവും ട്രഷറർ അയ്മൻ സഈദ് നന്ദിയും പറഞ്ഞു. സമീയുള്ള കൊടുങ്ങല്ലൂർ, ആഷിഫ് കൊല്ലം, ജമാൽ കൊടിയത്തൂർ, സക്കീർ ബിലാവിനകത്ത്, ഷമീർ പത്തനാപുരം, അബ്ദുല്ല സൈഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.