ജുബൈൽ: ആളുകൾ തടിച്ചുകൂടുന്ന തിരക്കേറിയതും തുറസ്സായതുമായ സ്ഥലങ്ങളിലും പൊതുപരിപാടികൾ നടക്കുന്നയിടങ്ങളിലും മുഖാവരണം (മാസ്ക്) ധരിക്കൽ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് സംബന്ധമായ ഏറ്റവും പുതിയ സംഭവവികാസങ്ങളെപ്പറ്റി വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽ അലി ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം തടയാൻ ലോകത്താകമാനം ഒന്നാമതായി ഏർപ്പെടുത്തിയ കരുതൽ നിബന്ധനയാണ് മാസ്ക് ധരിക്കൽ. അക്കാര്യത്തിൽ അടുത്തിടെ സൗദിയിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിലെങ്കിലും മാസ്ക് ധരിക്കൽ നിർബന്ധമാണെന്നാണ് മന്ത്രാലയം ഇപ്പോൾ അറിയിച്ചത്.
ആളുകളുടെ ആരോഗ്യനില പരിശോധിക്കാൻ ക്രമീകരണങ്ങളില്ലാത്ത, പള്ളികൾ പോലുള്ള ഇൻഡോർ ഏരിയകളിൽ ആളുകൾ മാസ്ക് ധരിക്കുക മാത്രമല്ല ശാരീരിക അകലവും പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയ വക്താവ് വിശദീകരിച്ചു. ഈ മുൻകരുതൽ നടപടികളിൽ വിട്ടുവീഴ്ചയേ പാടില്ല. കോവിഡ് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തു എന്നത് മാസ്ക് ധരിക്കാതിരിക്കാൻ ന്യായീകരണമല്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറു മാസത്തിനു ശേഷം പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ബൂസ്റ്റർ ഡോസ് കൂടി എടുക്കണം.
രോഗബാധിതരുടെ എണ്ണം 265 ദശലക്ഷത്തിലധികം കടന്നുകഴിഞ്ഞു. പകർച്ചവ്യാധി ഇപ്പോഴും ലോകത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിൽ ഗുരുതര കേസുകളിൽ കുറവുകാണുന്നുണ്ട്. എന്നാലും രോഗവ്യാപനത്തിെൻറ കാര്യത്തിൽ നാം ജാഗ്രത പാലിച്ചേ മതിയാകൂ. ഈ ദിവസങ്ങളിൽ പുതിയ കോവിഡ് കേസുകളിൽ നേരിയ വർധനവ് കാണുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43 പുതിയ അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്തു. 2020 ഡിസംബറിൽ ദേശീയ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതു മുതൽ ഇതുവരെ സൗദി അറേബ്യ 47.678 ദശലക്ഷത്തിലധികം വാക്സിനുകൾ നൽകിയതായും ഡോ. മുഹമ്മദ് അബ്ദു അൽ അലി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.