റിയാദ്: സുഡാനിൽ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള രൂക്ഷമായ സൈനിക ഏറ്റുമുട്ടലിൽ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. സംയമനം പാലിക്കാനും സംഭാഷണത്തിന് മുൻഗണന നൽകാനും സൈനിക ഘടകങ്ങളോടും രാഷ്ട്രീയ നേതൃത്വത്തോടും സൗദി വിദേശ കാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക ഭദ്രത എന്നിവയിൽ നേടിയത് പൂർത്തിയാക്കുന്നതിന് അവസരം നൽകുന്ന തരത്തിൽ അണികളെ ഏകീകരിക്കാനും നിയന്ത്രിക്കാനും സുഡാനിലെ നേതാക്കൾ വിവേകം കിട്ടണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സുഡാനിലെ സൗദി പൗരന്മാരോട് അവരവരുടെ താമസ സ്ഥലങ്ങളിൽ തന്നെ കഴിയാനും അടിയന്തര സാഹചര്യം ഉണ്ടായാൽ ഖാർത്തൂമിലെ സൗദി എംബസിയിൽ ബന്ധപ്പെടാനും വിദേശ മന്ത്രാലയം അഭ്യർഥിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിർത്താനും സംഭാഷണത്തിലേക്ക് മടങ്ങാനും സുഡാനിലെ സഹോദരങ്ങളോട് അഭ്യർഥിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ശനിയാഴ്ച തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. 'സൈനിക നടപടികൾ വേഗത്തിൽ നിർത്താനും പരമാവധി സംയമനം പാലിക്കാനും സംഘർഷം ഒഴിവാക്കാനും ഞങ്ങൾ സുഡാനിലെ സഹോദരങ്ങളോട് ആവശ്യപ്പെടുന്നു' ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹിയാൻ, യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെൻ എന്നിവരുമായി മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഫോണിൽ വിഷയം ചർച്ച ചെയ്തു. സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും സംയുക്ത അഭ്യർഥനയെ തുടർന്ന് സുഡാൻ വിഷയത്തിൽ ഞായറാഴ്ച കൈറോയിൽ അടിയന്തര യോഗം ചേരാൻ അറബ് ലീഗ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.