ഇന്ത്യൻ ഊർജ മന്ത്രി രാജ്​ കുമാർ സിങ് റിയാദിൽ യു.എൻ സഹകരണത്തോടെ നടന്ന പശ്ചിമേഷ്യ-ഉത്തരാ​ഫ്രിക്ക കാലാവസ്ഥ വാരാചരണ പരിപാടിയിൽ സംസാരിക്കുന്നു

ഇന്ത്യ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നത് വഴി ലോകത്തി​ന്റെ ഊർജ കേന്ദ്രമാവുകയാണ്​ ലക്ഷ്യം -രാജ്​ കുമാർ സിങ്

റിയാദ്​: ഇന്ത്യയും സൗദി അറേബ്യയും വൈദ്യുതിയും ശുദ്ധ ഊർജവും ഉൾപ്പെടെയുള്ള പ്രധാന വ്യവസായ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ലോകത്തെ ഊർജ കേന്ദ്രമായി മാറാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഊർജ മന്ത്രി രാജ്​ കുമാർ സിങ്​. റിയാദിൽ യു.എൻ സഹകരണത്തോടെ നടന്ന പശ്ചിമേഷ്യ-ഉത്തരാ​ഫ്രിക്ക കാലാവസ്ഥ വാരാചരണ പരിപാടിയിൽ പ​ങ്കെടുക്കുന്നതുൾപ്പെടെയുള്ള ഔദ്യോഗിക സന്ദർശന പരിപാടികൾക്ക്​ എത്തിയ ​മന്ത്രി മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

 ഇരു രാജ്യങ്ങളും തമ്മിൽ പരസ്​പര വൈദ്യുത ബന്ധങ്ങൾ, ഹൈഡ്രജൻ ഉത്​പാദനം, ശുദ്ധമായ ഊർജ വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ചുള്ള ധാരണാപത്രത്തിൽ അദ്ദേഹം സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാനോടൊപ്പം ഒപ്പുവച്ചശേഷമായിരുന്നു ഈ അഭിപ്രായം.

മൂന്നു ദിവസം നീണ്ടു നിന്ന സന്ദർശനം പൂർത്തിയാക്കി ​മന്ത്രി രാജ്​കുമാർ സിങ്ങും സംഘവും തിങ്കളാഴ്​ച രാത്രിയോടെ മടങ്ങിയതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു​. ഇരുരാജ്യങ്ങൾക്കും ഉതകുന്ന ഊർജ മേഖലയിലെ അനന്ത സാധ്യതകൾ തുറക്കുന്ന കരാറുകൾ ഉൾപ്പടെ നിരവധി പ്രധാന നേട്ടങ്ങൾ രൂപപ്പെടുത്തിയാണ്​ മന്ത്രിയുടെ മടക്കം.


ഊർജ സഹകരണം സംബന്ധിച്ച ധാരണാപത്രം സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജ മന്ത്രി രാജ്​കുമാർ സിങ്ങും ​പരസ്​പരം കൈമാറുന്നു

കാലാവസ്ഥാ വാരാചരണ പരിപാടിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ മന്ത്രി ഫലപ്രദമായി തന്നെ നയിച്ചു. ലോകത്ത്​ ‘നീതിയുക്തവും തുല്യവുമായ ഊർജ ലഭ്യതക്കായി സമഗ്ര പരിഹാരമാർഗങ്ങൾ’ എന്ന വിഷയത്തിൽ നടന്ന മന്ത്രിതല പാനലിൽ അദ്ദേഹം പ​ങ്കെടുത്തു സംസാരിച്ചു. പ്രാദേശിക സംവാദ പരിപാടിയിൽ ‘റിയാദിലെ കലാ മേഖലയിലെ സാ​ങ്കേതിക വളർച്ചയുടെ സാധ്യതകൾ’ എന്ന വിഷയത്തിലും മന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തു. ഈ പ്രസംഗങ്ങളിൽ, കാലാവസ്ഥാ വ്യതിയാനം, ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ആസൂത്രണങ്ങൾ തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങൾ പരാമർശിച്ചു. യു.എ.ഇയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ‘കോപ്​ 28’ ഉച്ചകോടിയുടെ വെളിച്ചത്തിൽ ചർച്ചചെയ്യേണ്ട പുതിയ വിഷയങ്ങളേയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ കൂടിക്കാഴ്​ചകൾ, ചർച്ചകൾ

സൗദി വാണിജ്യ വ്യവസായ, സാംസ്കാരിക പ്രമുഖരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പിട്ട ​ഹരിത ഹൈഡ്രജൻ ഊർജ സഹകരണ കരാറാണ്​ സന്ദർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടമെന്ന്​ എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാനും മന്ത്രി രാജ്​കുമാർ സിങ്ങും​ ഒപ്പിട്ട ഇൗ കരാറി​െൻറ ലക്ഷ്യം ഊർജ മേഖലയിലെ സഹകരണത്തിന്​ പൊതുചട്ടക്കൂട്​ രൂപപ്പെടുത്തുക എന്നതാണ്​.


സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ

അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി കൈമാറ്റം, ഊർജ വികസന പദ്ധതികളിലെ സഹകരണം, ഹരിത/ശുദ്ധമായ ഹൈഡ്രജ​െൻറയും പുനരുപയോഗ ഊർജത്തി​െൻറയും ഒരുമിച്ചുപേർന്നുള്ള ഉൽപാദനം എന്നിവ കൂടാതെ ശുദ്ധമായ ഹൈഡ്രജനിലും പുനരുപയോഗ ഊർജ മേഖലയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകൾ സ്ഥാപിക്കൽ എന്നീ ലക്ഷ്യങ്ങൾ കരാറിൽ ഉൾപ്പെടുന്നുണ്ട്​.ഇതോടൊപ്പം സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാനുമായി മറ്റ്​ മേഖലകളിലും ആഴത്തിൽ ചർച്ചകൾ നടത്തി. ഇതി​െൻറ അടിസ്ഥാനത്തിൽ ഊർജ മേഖലാ സഹകരണത്തി​െൻറ സമ്പൂർണ വിതരണവും മൂല്യശൃംഖലയും സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടികൾ രൂപപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്​. കാലാവസ്ഥാ വാരാചരണത്തിൽ പ​ങ്കെടുക്കാൻ എത്തിയ യു.എൻ വർക്ക്​ എക്‌സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്​റ്റൈലനുമായും മന്ത്രി രാജ്​കുമാർ സിങ്​ കൂടിക്കാഴ്ച നടത്തി.

ത​െൻറ പ്രതിനിധി സംഘത്തോടൊപ്പം റിയാദിന്​ സമീപമുള്ള സുദൈർ സോളാർ പവർ പ്ലാൻറും മന്ത്രി സന്ദർശിച്ചു. രാജ്യത്തെ ഏറ്റവും വലിയ സോളാർ പ്ലാൻറാണിത്​. ഇന്ത്യൻ കമ്പനിയാണ് സൗദിക്കുവേണ്ടി ഈ പ്ലാൻറ്​​ നിർമിക്കുന്നത്​.

തുടർന്ന്​ സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹുമായും ചർച്ചകൾ നടത്തി. ഇന്ത്യയിലും സൗദി അറേബ്യയിലും ഊർജ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്​ കച്ചവട പ്രമുഖരോട്​ ഇരുവരും ആഹ്വാനം ചെയ്തു. വിവിധ തലങ്ങളിലെ സുസ്ഥിരമായ ഇടപെടലുകളിലുടെ ഇന്ത്യ-സൗദി പങ്കാളിത്തം കൂടുതൽ ശക്തി പ്രാപിക്കുകയാണ്​. നിലവിൽ മന്ത്രിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുകയും പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ മേഖലകളിലെ സംയുക്ത സഹകരണത്തിനും നിക്ഷേപത്തിനുമുള്ള വാതിലുകൾ തുറക്കുകയും ചെയ്തതായും മന്ത്രിയും സംഘവും വിലയിരുത്തി. 

Tags:    
News Summary - Minister of Power of India R. K. Singh visited Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.