റിയാദ്: മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനും ഇലക്ട്രൽ ബോണ്ടുകൾ വഴി അഴിമതിയിലൂടെ കള്ളപ്പണം സ്വരൂപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുമാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്നും അതിനെ ചെറുക്കാൻ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചർ അഭ്യർഥിച്ചു.
റിയാദിൽ നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച ഇ.എം.എസ്-എ.കെ.ജി അനുസ്മരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും പരിപാടിയിൽ ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചർ. ബി.ജെ.പിക്കെതിരെ സ്വയം തകരുന്ന അവസ്ഥയിലാണ് കോൺഗ്രസുള്ളത്. ഏത് കോൺഗ്രസ്സ് നേതാവ് എപ്പോഴാണ് മറുകണ്ടം ചാടുകയെന്ന് ഒരുറപ്പുമില്ല. ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷ. പ്രവാസി കുടുംബങ്ങൾക്കുവേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് പ്രവാസി കുടുംബങ്ങളുടെ പിന്തുണയുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ശൈലജ ടീച്ചർ പറഞ്ഞു.
യോഗം നവോദയ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ജീവിത സമരവഴികൾ ഷാജു പത്തനാപുരം അവതരിപ്പിച്ചു. ഇരു നേതാക്കളും ഐക്യകേരളത്തിന്റെ പ്രധാന ശിൽപികളാണ്. അവരുടെ പോരാട്ടസ്മരണകൾ ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ മാർഗദീപങ്ങളാണെന്ന് ഷാജു ചൂണ്ടിക്കാട്ടി. ഇസ്മാഈൽ കണ്ണൂർ, പൂക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. അനിൽ മണമ്പൂർ അധ്യക്ഷത വഹിച്ചു. മനോഹരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവാസികൾക്കിടയിൽ സ്ക്വാഡ് പ്രവർത്തനങ്ങൾ നടത്താൻ നവോദയ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.