ജിദ്ദ: പി.വി.അൻവർ എം.എല്‍.എയുടെ നിലവിലെ നീക്കങ്ങൾ സംശയത്തോടെ മാത്രമേ കാണാൻ കഴിയൂവെന്നും അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നും നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നിലമ്പൂരിലെ ജനങ്ങൾ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എത്തിയ അൻവറിന്റെ വിജയത്തിനു വേണ്ടി രാപ്പകൽ അധ്വാനിച്ചിരുന്നു. അന്ന് മതേതര പ്രസ്ഥാനത്തിന് അനുഗുണമായി പ്രവർത്തിക്കാൻ അൻവർ രംഗത്ത് വന്നപ്പോഴാണ് പിന്തുണച്ചത്.
ഇടതുപക്ഷത്തിന്റെ വോട്ടു നേടി എം.എല്‍.എ ആയ പി.വി അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട് അദേഹത്തിന് വോട്ടുചെയ്തു ജയിപ്പിച്ച ജനങ്ങള്‍ക്ക് നേരെയാണ്. പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തിൽ പൊതുപ്രസ്താവന നടത്തുകയോ വിവിധ വിമർശനങ്ങൾ വലതുപക്ഷ രാഷ്ട്രീയക്കാർക്കു വേണ്ടി ഉന്നയിക്കുകയോ ചെയ്യില്ല. പാർട്ടി അനുഭാവി അല്ലെങ്കിൽ പോലും നൽകുന്ന പരാതികൾ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാർടിയുടെയും സർക്കാരിന്റെയും നയം. അതിന്റെ അടിസ്ഥാനത്തിൽ പി.വി.അൻവർ നൽകിയ പരാതികൾ പാർടിയും സർക്കാരും പരിശോധിക്കുകയും ചെയ്തതിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്ന് സ്വർണക്കടത്ത് സംഘങ്ങൾക്കോ, അവരുടെ പ്രലോഭനങ്ങൾക്കോ വഴങ്ങി സ്വർണം കടത്തുന്ന കരിയർമാർക്കായി അൻവർ രംഗത്തുവന്നത് അത്ഭുതം ജനിപ്പിക്കുന്നു.
ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് ഇന്ത്യയിലെ ക്രമസമാധാനരംഗത്ത് ഒന്നാം സ്ഥാനത്താണ് കേരളം. എത്രമേൽ പോലീസ് സേനയെ ജനോപകാരമാക്കുക എന്നതാണ് കേരള സർക്കാരിന്റെ ലക്ഷ്യം. മതതീവ്രവാദികളുടെ തിട്ടൂരത്തിന് അനുസരിച്ച് പ്രവർത്തിക്കാത്ത ഇന്ത്യയിലെ ഏക പൊലീസ് സംവിധാനമാണ് കേരളത്തിന്റേതെന്ന് ഉറപ്പുപറയാൻ നമുക്ക് സാധിക്കും. അപ്പോഴും പോലീസ് നൂറുശതമാനവും കുറ്റവിമുക്തരാണ് എന്ന് അവകാശപ്പെടുന്നുമില്ലെന്നും നവോദയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.